SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിലെ, കൊൽക്കത്ത‌ നൈറ്റ് റൈഡേഴ്സ് നായകൻ ഓയിൻ മോർഗന്റെ ക്യാപ്റ്റൻസി താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിചിത്രമായ ക്യാപ്റ്റൻസിയാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയായിരുന്നു മോർഗന്റെ ക്യാപ്റ്റൻസിയെ നിശിതമായി വിമർശിച്ച് ഗൗതം ഗംഭീർ രംഗത്തെത്തിയത്.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ രണ്ടാം ഓവർ എറിഞ്ഞത് വലം കൈയ്യൻ സ്പിന്നറായിരുന്ന വരുൺ ചക്രവർത്തിയായിരുന്നു. ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയുടെ ഉൾപ്പെടെ രണ്ട് വിക്കറ്റുകളാണ് ഈ ഓവറിൽ വരുൺ വീഴ്ത്തിയത്. എ‌ന്നാൽ ആദ്യ ഓവർ ഉജ്ജ്വലമായി എറിഞ്ഞെങ്കിലും താരത്തെക്കൊണ്ട് തുടർച്ചയായി രണ്ട് ഓവറുകൾ എറിയിപ്പിക്കാ‌ൻ മോർഗൻ തയ്യാറായിരുന്നില്ല. ഇതാണ് ഗംഭീറിനെ ഞെട്ടിച്ചത്. തുടർച്ചയായ രണ്ടാം ഓവർ വരുണിന് നൽകാൻ മോർഗൻ തയ്യാറായിരുന്നെങ്കിൽ മത്സരത്തിൽ തകർത്തടിച്ച മാക്സ്‌വെല്ലിനെ നേരത്തെ പുറത്താക്കാനും അതിലൂടെ മത്സരത്തിൽ ആധിപത്യം നേടാനും കൊൽക്കത്തക്ക് കഴിയുമായിരുന്നുവെന്ന് പറയുന്ന ഗംഭീർ, മോർഗന്റെ ഈ ക്യാപ്റ്റൻസി വളരെ വിചിത്രമായി തനിക്ക് അനുഭവപ്പെട്ടെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.

“വിരാട് കോഹ്ലിയുടേത് ഒരു വലിയ വിക്കറ്റ് തന്നെയായിരുന്നു. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ ആദ്യ ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തിയ ഒരാൾക്ക് അടുത്ത ഓവർ അദ്ദേഹം നൽകിയില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിചിത്രമായ ക്യാപ്റ്റൻസി യായിരുന്നു അത്. ആദ്യ ആറ് ഓവറുകളിൽ വരുൺ ചക്രവർത്തി മൂന്നാം വിക്കറ്റെടുക്കുകയോ, മാക്സ്‌വെല്ലിനെ വീഴ്ത്തുകയോ ചെയ്തിരുന്നുവെങ്കിൽ ഈ മത്സരം അവിടെ അവസാനിക്കുമായിരുന്നു. ഒരിന്ത്യൻ ക്യാപ്റ്റനായിരുന്നു ഇത്തരത്തിലൊരു മണ്ടത്തരം കാണിച്ചിരുന്നതെങ്കിൽ ആളുകൾ അദ്ദേഹത്തെ വലിയ രീതിയിൽ ക്രൂശിച്ചേനെ” ഗംഭീർ പറഞ്ഞു നിർത്തി.