SHARE

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ചകൾ നടക്കുന്നത്. ലോകകപ്പിന് പിന്നാലെ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് പലരും കരുതിയെങ്കിലും അങ്ങനൊന്ന് സംഭവിച്ചില്ല. തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുമ്പോളും ഇക്കാര്യത്തിൽ യാതൊരു അഭിപ്രായവും പറയാൻ ധോണി തയ്യാറായതുമില്ല.

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ധോണിയുണ്ടാകില്ലെന്നും, പന്തിനെ സഹായിക്കുകയാണ് ഇനി ധോണിയുടെ ദൗത്യമെന്നും ഇതിനിടയിൽ വാർത്തകൾ വന്നു. ഇപ്പോളിതാ ധോണി വിരമിച്ചാൽ അദ്ദേഹത്തിന് പകരക്കാരനാവാൻ കഴിവുള്ള താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തെത്തിയിരിക്കുന്നു.

-Advertisement-

ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഋഷഭ് പന്ത്, മലയാളി സൂപ്പർ താരം സഞ്ജു സാംസൺ,‌ മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷൻ എന്നീ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരെയാണ് ധോണിയുടെ പിൻ ഗാമികളായി ഗംഭീർ ചൂണ്ടിക്കാട്ടുന്നത്. യുവതാരങ്ങളെ വളർത്തിക്കൊണ്ട് വരുകയെന്നത് അനിവാര്യമായ കാര്യമാണെന്ന് പറയുന്ന ഗംഭീർ, ആവശ്യത്തിന് മത്സരപരിചയം ഈ താരങ്ങൾക്ക് നൽകണമെന്നും ഇതിലെ പ്രകടനങ്ങളിൽ നിന്ന് ആര് അടുത്ത ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കാക്കുമെന്നത് കണ്ടെത്താനാകുമെന്നും കൂട്ടിച്ചേർത്തു.