SHARE

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തിനായി വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. അടുത്ത മാസം 24 ന് ദുബായിൽ വെച്ചാണ് ടി20 ലോകകപ്പിലെ ഈ ആവേശപ്പോരാട്ടം നടക്കുക. ഇരു ടീമുകളും തമ്മിൽ മുൻപ് ഏറ്റുമുട്ടിയ എല്ലാ ലോകകപ്പ് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ഇന്ത്യ ഈ വിജയക്കുതിപ്പ് തുടരുകയാവും ഇക്കുറി ലക്ഷ്യമിടുക. അതേ സമയം പുതു ചരിത്രം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് പാകിസ്ഥാൻ ഈ മത്സരത്തിനിറങ്ങുക.

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിന് ഒരു മാസത്തിലധികം സമയം ബാക്കി നിൽക്കെ ഇപ്പോളിതാ ഈ മത്സരത്തിൽ കളിക്കേണ്ട ഇന്ത്യൻ ടീം എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറായ ഗൗതം ഗംഭീർ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിൽ ഒരു ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു പാകിസ്ഥാനെതിരെ കളിക്കേണ്ട ഇന്ത്യൻ ഇലവനെ ഗംഭീർ തിരഞ്ഞെടുത്തത്. ഗംഭീർ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നിരയിൽ കാര്യമായ സർപ്രൈസുകളൊന്നുമില്ലെങ്കിലും സ്പിൻ നിരയിൽ രവിചന്ദ്രൻ അശ്വിനെ മറികടന്ന് വരുൺ ചക്രവർത്തിയെ യാണ് അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്.

കെ എൽ രാഹുലും, രോഹിത് ശർമ്മയും പാകിസ്ഥാനെതിരെ ഇന്ത്യൻ ബാറ്റിംഗ് ഓപ്പൺ ചെയ്യണമെന്നാണ് ഗംഭീർ പറയുന്നത്‌. വിരാട് കോഹ്ലിയെ മൂന്നാം സ്ഥാനത്തും, സൂര്യകുമാർ യാദവിനെ നാലാം സ്ഥാനത്തും ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഋഷഭ് പന്ത്, ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ് യഥാക്രമം 5 മുതൽ 7 വരെ സ്ഥാനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. ജഡേജക്ക് പുറമേ വരുൺ ചക്രവർത്തിയേയും ടീമിന്റെ സ്പിൻ നിരയിൽ ഉൾപ്പെടുത്തുന്ന ഗംഭീർ ഫാസ്റ്റ് ബോളിംഗ് ഡിപ്പാർട്ട്മെന്റിൽ ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷമി, ജസ്പ്രിത് ബുംറ എന്നിവർ കളിക്കണമെന്നാണ് പറയുന്നത്.