SHARE

പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് കാണില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ഗൗതം ഗംഭീർ. ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കുന്നതിനിടെയായിരുന്നു‌ ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണ അഞ്ചാം സ്ഥാനത്താകും ഐപിഎല്ലിൽ ഫിനിഷ് ചെയ്യുകയെന്ന് ഗംഭീർ വ്യക്തമാക്കിയത്. ഇക്കുറി ടീമിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ പോകുന്ന താരമായി ഇംഗ്ലണ്ടിന്റെ യുവ ഓൾ റൗണ്ടർ സാം കറനെ ചൂണ്ടിക്കാട്ടിയ ഗംഭീർ, ക്യാപ്റ്റൻ ധോണി ഇക്കുറി നാലാം നമ്പരിൽ ബാറ്റിംഗിനിറങ്ങണമെന്നും വ്യക്തമാക്കി.

ചെന്നൈ സൂപ്പർ കിംഗ്സ് ഇക്കുറി ഐപിഎല്ലിന്റെ പ്ലേ ഓഫിലെത്തില്ലെന്നാണ് മുൻ ഇന്ത്യൻ താരങ്ങളായ ആകാശ് ചോപ്രയും, സഞ്ജയ് മഞ്ചരേക്കറും പറയുന്നത്. എന്നാൽ ടീം ഇക്കുറി നാലാം സ്ഥാനത്തെത്തുമെന്ന പക്ഷക്കാരനാണ് പ്രശസ്ത കമന്റേറ്ററായ ഇയാൻ ബിഷപ്പ്.

ചെന്നൈ ഇക്കുറി ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കാൻ പോകുന്നത് മത്സരത്തിന്റെ ഏത് മേഖലയിലാണെന്ന കാര്യത്തിലും ഇ എസ് പി എൻ ക്രിക്കിൻഫോയോട് ഇവർ മനസ് തുറന്നു. മികച്ച എക്കോണമിയിൽ പന്തെറിയുന്ന ബോളർമാർ ഇല്ലാത്തതിനാൽ ടീം ഇക്കുറി ഡെത്ത് ഓവറുകളിൽ ബുദ്ധിമുട്ടുമെന്നാണ് ആകാശ് ചോപ്രയുടെ പക്ഷം. വലിയ‌ സ്കോറുകൾ കണ്ടെത്താനും വലിയ സ്കോറുകൾ ചേസ് ചെയ്യാനുമാകും ഇക്കുറി ചെന്നൈ‌ കഷ്ടപ്പെടുകയെന്നാണ് സഞ്ജയ് മഞ്ചരേക്കർ ചൂണ്ടിക്കാട്ടുന്നത്. ഇയാൻ ബിഷപ്പിന്റെ അഭിപ്രായത്തിൽ ചെന്നൈയ്ക്ക് ഏറ്റവും വലിയ തലവേദന നൽകുന്നത് സീം ബോളിംഗ് ഓപ്ഷനുകളാണെങ്കിൽ, ഗൗതം ഗംഭീറിനെ സംബന്ധിച്ച് ചെന്നൈയ്ക്ക് പ്രശ്നമാകാൻ സാധ്യതയുള്ള‌ കാര്യം ഉയർന്ന വേഗതയിൽ പന്തെറിയാൻ കഴിയുന്ന ‌താരങ്ങളുടെ അഭാവമാണ്.