SHARE

യു എ ഇയിലെ കളി‌ സാഹചര്യങ്ങൾ മുംബൈ ഇന്ത്യൻസിന് അനുകൂലമാണെന്നും അവിടെ നടക്കാനിരിക്കുന്ന പതിനാലാം സീസൺ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ മറ്റ് ടീമുകളേക്കാൾ മുൻ തൂക്കം അവർക്കുണ്ടാകുമെന്നും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബോളർമാർക്ക് അനുയോജ്യമായ അവസ്ഥയാണ് യു എ ഇ യിൽ അവരെ കാത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഗംഭീർ ദുബായിലും, അബുദാബിയിലും കളിച്ചു തുടങ്ങിക്കഴിഞ്ഞാൽ പിന്നെ മുംബൈക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ‌ദിവസം സ്റ്റാർ സ്പോർട്സിന്റെ ഗെയിം പ്ലാൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

ഇന്ത്യയിൽ നടന്ന ഐപിഎല്ലിന്റെ ആദ്യ പാദത്തിൽ വാംഖഡെയിലെ പിച്ചിൽ നിന്ന് ഏറെ വ്യത്യാസങ്ങളുള്ള ചെപ്പോക്കിലും, ഡെൽഹിയിലുമാണ് മുംബൈ കളിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന‌ ഗംഭീർ, എന്നാൽ യു എ ഇയിലേക്കെത്തുന്നതോടെ തങ്ങൾ കളിച്ച്‌ ശീലിച്ച വാംഖഡെയിലേതിന് സമാനമായ സാഹചര്യമാണ് അവർക്ക് ലഭിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. ഇത് മുംബൈയുടെ ഫാസ്റ്റ് ബോളർമാരായ ജസ്പ്രിത് ബുംറ, ട്രെന്റ് ബോൾട്ട് എന്നിവർക്ക് പ്രയോജനം ചെയ്യുമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണറുടെ പക്ഷം.

“മുന്നിൽ സ്വിംഗുണ്ടാകും. അതിനാൽ അവർ വളരെ അപകടകാരിയായിരിക്കും. മുംബൈയാകട്ടെ പന്ത് സ്വിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നു. അവർക്ക് മികച്ച ഫാസ്റ്റ് ബൗളർമാരുണ്ട്‌. അത് അവർക്ക് നേട്ടമാകും. കൂടാതെ പന്തുകൾ ബാറ്റിലേക്ക് വരണമെന്ന് അവരുടെ ബാറ്റ്സ്മാന്മാർ ആഗ്രഹിക്കുന്നു‌.‌ രോഹിത് ശർമ്മ, ഹാർദിക് പാണ്ട്യ എന്നിവരടക്കമുള്ള ബാറ്റ്സ്മാന്മാർ ചെപ്പോക്കിൽ കഷ്ടപ്പെട്ടു. കാരണം അവിടെ പന്ത് നന്നായി തിരിയുകയായിരുന്നു.” ഗംഭീർ പറഞ്ഞു.

കഴിഞ്ഞ വർഷം അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ മികച്ച രീതിയിൽ കളിച്ച മുംബൈക്ക് ഈ പരിചയം കാരണം യു എ ഇ യിൽ ഇക്കുറി മറ്റ് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും ഗംഭീർ അഭിപ്രായപ്പെടുന്നു‌. ദുബായിലോ അബുദാബിയിലോ കളി തുടങ്ങിയതിന് ശേഷം അവർ കഷ്ടപ്പെടാൻ പോകുന്നില്ലെന്നും അത് തന്നെയാണ് അവർക്ക് ഒരു മുൻ തൂക്കമുണ്ടെന്ന് തനിക്ക് തോന്നാൻ കാരണമെന്നും സംസാരത്തിനിടെ ഗംഭീർ കൂട്ടിച്ചേർത്തു.