SHARE

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ടി20 ലോകകപ്പിന് മുൻപ് സ്ഥിരമായി അവസരങ്ങൾ ലഭിച്ചാൽ മാത്രമേ സൂര്യകുമാറിനെപ്പോലെയുള്ളവരെ ടീമിന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാക്കാൻ കഴിയുമോയെന്ന് മനസിലാക്കാൻ പറ്റൂവെന്ന് പറയുന്ന ഗംഭീർ, മൂന്നാം ടി20 യിൽ അദ്ദേഹത്തെ പുറത്തിരുത്താനുള്ള തീരുമാനം തന്നെ അതിശയിപ്പിക്കുന്നതാണെന്നും ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞ കോഹ്ലിയുടെ തീരുമാനത്തിൽ അത്ഭുതം പ്രകടിപ്പിക്കുന്ന‌ ഗംഭീർ, ടീമിലെ ആർക്കെങ്കിലും പരിക്ക് പറ്റുകയാണെങ്കിൽ നാലോ അഞ്ചോ നമ്പരിൽ മറ്റാർക്കെങ്കിലും കളിക്കേണ്ടി വരുമെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ സൂര്യകുമാറിനെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി.

മൂന്നോ നാലോ കളികളിലെങ്കിലും സൂര്യകുമാർ യാദവിന് അവസരം നൽകണമെന്നും ഈ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയെന്ന് നോക്കണമെന്നുമാണ് ഗംഭീറിന്റെ പക്ഷം. ഈ മത്സരങ്ങളിൽ തിളങ്ങാൻ സൂര്യകുമാറിന് കഴിയുകയാണെങ്കിൽ നാലാം നമ്പരിൽ മികച്ച ബാക്കപ്പ് താരത്തെ ടീമിന് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും എന്നാൽ ഇത് ലോകകപ്പിനുള്ള തയ്യാറെടുപ്പാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ ഗംഭീർ, നിരവധി വർഷങ്ങളായി നമ്മൾ കാണുന്ന അതേ കളികാർക്ക് തന്നെയാണ് ഇവിടെ വീണ്ടും അവസരം നൽകുന്നതെന്നും വിമർശിച്ചു.