SHARE

ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവൻ ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ കളിച്ച ടീമിന് ഏറെക്കുറേ സമാനമായിരിക്കുമെന്ന് അഞ്ചാം മത്സരത്തിന്റെ ടോസിന് മുന്നോടിയായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സൂചിപ്പിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ഇതിനെതിരെ വിമർശനവുമായി നിരവധി താരങ്ങൾ രംഗത്തെത്തി. മുൻ ഇന്ത്യൻ താരം ഗൗതംഗംഭീറും കോഹ്ലിക്കെതിരെ രംഗത്തെത്തിയവരിൽ മുന്നിലുണ്ട്.

അവസാന ഏകദിനത്തിൽ അണിനിരന്ന ഇന്ത്യൻ ടീമല്ല, ഈ ലോകകപ്പിൽ കളിപ്പിക്കാവുന്ന ഏറ്റവും മികച്ച ഇന്ത്യൻ ടീമെന്ന് ഗംഭീർ പറയുന്നു. ആറാം നമ്പറിൽ കേദാർ ജാദവ് ബാറ്റിംഗിനെത്തുന്ന ഈ ഇന്ത്യൻ ഇലവന്റെ ബാറ്റിംഗ് നിര വളരെ ദുർബലമാണെന്നാണ് ഗംഭീറിന്റെ പക്ഷം. ധോണിയെ ടീമിൽ ഉൾപ്പെടുത്തുന്നത് പോലും ഈ ടീമിന്റെ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കില്ലെന്ന് ഗംഭീർ പറയുന്നു.

” ഡെൽഹി ഏകദിനത്തിൽ കളിച്ച ഇന്ത്യൻ ടീമല്ല, ലോകകപ്പിൽ നമുക്ക് കളിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഇന്ത്യൻ ടീം. ഇതാണ് ലോകകപ്പിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനെന്ന് കോഹ്ലി അഞ്ചാം ഏകദിനത്തിന് മുൻപ് സൂചന നൽകി. എന്നാൽ ഈ പ്ലേയിംഗ് ഇലവൻ ഒട്ടും ആത്മവിശ്വാസം നൽകുന്നതല്ല. എന്തിനധികം പറയുന്നു, ധോണിയെ ഈ‌ടീമിൽ ഉൾപ്പെടുത്തിയാൽ പോലും ടീമിന്റെ ബാറ്റിംഗ് ആഴം വർധിപ്പിക്കാനാവില്ല.” ടൈംസ് നൗവിനോട് സംസാരിക്കവെ ഗംഭീർ പറഞ്ഞു.