SHARE

ഇന്ത്യൻ ടി20 ടീമിന് പുറമെ ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിന്റേയും ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി ഒഴിയുകയാണ്. ഈ ഐപിഎല്ലിന് ശേഷം ആർസിബി ക്യാപ്റ്റനായി താൻ തുടരില്ലെന്ന് കോഹ്ലി ഇന്നലെയാണ് അറിയിച്ചത്. അതേസമയം കളിക്കാരനായി കരിയർ അവസാനം വരെ ആർസിബിക്കൊപ്പമുണ്ടാകുമെന്നും കോഹ്ലി അറിയിച്ചു.

ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഐപിഎൽ 14-ാം പതിപ്പിന്റെ രണ്ടാം ഘട്ടം ഇന്നലെ യുഎഇയിൽ ആരംഭിച്ചതിന് പിന്നാലെയാണ് കോഹ്ലി ഇക്കാര്യം പ്രഖ്യാപിച്ചതെന്നതിനാൽ. ക്യാപ്റ്റൻസി ഒഴിയുമെന്ന പ്രഖ്യാപനം എന്നാൽ കോഹ്ലി ഇപ്പോഴെ നടത്തേണ്ടിയിരുന്നില്ലന്നാണ് മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീർ പറയുന്നത്. സ്റ്റാർ സ്പോർ്ട്സിലൂടെയാണ് ​ഗംഭീർ ഇക്കാര്യത്തിൽ കോഹ്ലിയെ വിമർശിച്ചത്.

ഈ സമയത്ത് കോഹ്ലി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തി, ക്യാപ്റ്റൻസി ഒഴിയുന്ന കാര്യം ടൂർണമെന്റിന് ശേഷം കോഹ്ലിക്ക് പ്രഖ്യാപിച്ചാൽ മതിയായിരുന്നു, ഇതിപ്പോൾ കോഹ്ലിയുടെ പ്രഖ്യാപനം ആർസിബി ടീമിനെ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്, ഐപിഎല്ലിൽ ആർസിബി ഇപ്പോൾ പോയിന്റ് നിലയിൽ മുന്നിലാണ്, കോഹ്ലിയുടെ പ്രഖ്യാപനം ടീമിലെ മറ്റ് താരങ്ങൾക്ക് അമിത സമ്മർദം നൽകും, കോഹ്ലിക്ക് വേണ്ടി കിരീടം നേടണമെന്ന് സമ്മർദം അവർക്ക് നേരിടേണ്ടിവരും, ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയല്ല, ടീമിന് വേണ്ടിയാണ് വിജയങ്ങൾ നേടേണ്ടത്, ​ഗംഭീർ പറഞ്ഞു.