SHARE

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം ​ഗൗതം ​ഗംഭീർ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തുന്നു. അടുത്ത ഐപിഎല്ലിൽ പങ്കെടുക്കുന്ന ലഖ്നൗ ഫ്രാഞ്ചൈസിയുടെ മെന്റർ ആയാണ് ​​ഗംഭീർ നിയമിതനായത്. പ്രശസ്ത് സ്പോർട്സ് ജേണലിസ്റ്റ് ബോറിയ മജുംദാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഐപിഎല്ലിൽ കളിക്കാരനെന്ന നിലയിൽ തകർപ്പൻ റെക്കോർഡാണ് ​ഗംഭീറിനുള്ളത്. ആദ്യം ഡെൽഹി ഡെയർഡെവിൾസിലൂടെ ഐപിഎല്ലിൽ അരങ്ങേറിയ ​​ഗംഭീർ 2011-ൽ കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിലെത്തി. വൈകാതെ അവരുടെ ടീം ക്യാപ്റ്റനായ ​ഗംഭീർ രണ്ട് തവണ നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചു. പലവട്ടം അവരെ പ്ലേ ഓഫിലേക്ക് നയിക്കാനും ​ഗംഭീറിനായി. 2017-ൽ വീണ്ടും ഡെൽഹി ഫ്രാഞ്ചൈസിയുടെ ഭാ​ഗമായ ​ഗംഭീർ 2018-ൽ കളിക്കളത്തോട് വിടപറഞ്ഞു. 2019-ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ​ഗംഭീർ നിലവിൽ ഡെൽഹി ഈസ്റ്റിൽ നിന്നുള്ള ലോക്സംഭാം​ഗമാണ്.

​ഗംഭീറിന്റെ നിയമനം ടീമുടമ സഞ്ജീവ് ​ഗോയങ്ക സ്ഥിരീകരിച്ചതായി ക്രിക്ക്ബസും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടീം പരിശീലകനായി സിംബാവെ ഇതിഹാസം ആൻഡി ഫ്ലവറിനെ നിയമിച്ചതിന് പിന്നാലെയാണ് ​ഗംഭീറിനേയും ലഖ്നൗ ഫ്രാഞ്ചൈസി ഒപ്പം കൂട്ടുന്നത്. ടീം ക്യാപ്റ്റനായി കെഎൽ രാ​ഹുൽ വരുമെന്നും സൂചനകൾ ശക്തമാണ്.