ഏകദിന ലോകകപ്പ് ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുകയാണ്. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ മത്സരക്രമങ്ങൾ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. 12 വർഷത്തിന് ശേഷമുള്ള ലോകകിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഇറങ്ങുന്നത്.
ഒക്ടബോർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പിന്നീട് 11-ന് അഫ്ഗാനിസ്ഥാനേയും 15-ന് പാകിസ്ഥാനേയും ഇന്ത്യ നേരിടും. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടും രണ്ടും കരുത്തർക്കെതിരെയാണ്. എന്നാൽ ശക്തരായാ ടീമുകൾക്കെതിരെ ആദ്യ ഘട്ടത്തിൽ തന്നെ മത്സരങ്ങൾ നടക്കുന്നത് ഇന്ത്യക്ക് നല്ലതാണെന്നാണ് ഇതിഹാസതാരം സുനിൽ ഗവാസ്കർ പറയുന്നത്.
എനിക്ക് തോന്നുന്നത് ശക്തരായ ടീമുകൾക്കെതിരെ ആദ്യ ഘട്ടത്തിൽ തന്നെ കളിക്കുന്നതാണ് നല്ലതെന്നാണ്, ഒരുപക്ഷെ അവസാനഘട്ടത്തിൽ ജയിച്ചേ മതിയാകു എന്ന സാഹചര്യത്തിൽ ഓസ്ട്രേലിയക്കെതിരെ കളിക്കേണ്ടിവന്നാൽ അത് ബുദ്ധിമുട്ടാകും, മാത്രവുമല്ല തുടക്കത്തിൽ മികച്ച മത്സരഫലങ്ങൾ ലഭിച്ചില്ലെങ്കിലും പിന്നീട് അത്ര ശക്തരല്ലാത്ത ടീമുകൾക്കെതിരെ കളിക്കുമ്പോൾ നല്ല മാർജിനിൽ വിജയം നേടാനും സാധിക്കും, ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.