SHARE

കാനഡ ടി20 ലീഗിൽ വെടിക്കെട്ട് സെഞ്ചുറി നേടി വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ. ടൂർണമെന്റിൽ വാൻ കൂവർ നൈറ്റ്സിന്റെ താരമായ ഗെയിൽ കഴിഞ്ഞ ദിവസം മോൺ ട്രിയോൾ ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിൽ 54 പന്തിൽ 122 റൺസ് നേടി പുറത്താകാതെ നിൽക്കുകയായിരുന്നു. ഗെയിൽ സംഹാരതാണ്ഡവമാടിയ മത്സരത്തിൽ നിശ്ചിത 20 ഓവറിൽ വാൻ കൂവർ നേടിയത് 276/3 എന്ന പടുകൂറ്റൻ ടോട്ടലാണ്. എന്നാൽ നിർഭാഗ്യവശാൽ ഈ മത്സരത്തിന് ഫലമുണ്ടായില്ല. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ നിർബന്ധിതരാവുകയായിരുന്നു. ആദ്യ ബാറ്റിംഗിന് പിന്നാലെയെത്തിയ മഴയും മിന്നലുമായിരുന്നു കളി ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന വാൻ കൂവർ നൈറ്റ്സിന് വേണ്ടി ഓപ്പണർമാരായ ടൊബിയാസ് വീസെയും, ക്രിസ് ഗെയിലും ചേർന്ന് മിന്നും തുടക്കമാണ് നൽകിയത്. 19 പന്തിൽ 51 റൺസെടുത്ത വീസെ ആയിരുന്നു ആദ്യം വീണത്. ക്രിസ് ഗെയിൽ പിന്നീട് വെടിക്കെട്ട് തുടങ്ങി. സിക്സറുകളുടെ മാലപ്പടക്കം തീർത്ത ഗെയിൽ ടീമിനെ ഹിമാലയൻ ടോട്ടലിലേക്ക് കൈപിടിച്ചുയർത്തി.

ഇതിനിടെ ക്രീസിലെത്തിയ ചാഡ്വിക്ക് വാൾട്ടൺ 18 പന്തിൽ 29 റൺസും, വാൻഡർ ഡസൻ 25 പന്തിൽ 56 റൺസുമെടുത്ത് ആരാധകരെ ത്രസിപ്പിച്ചു. ഗെയിൽ 54 പന്തിൽ 7 ബൗണ്ടറികളും, 12 സിക്സറുകളുമടക്കം 122 റൺസ് നേടി പുറത്താകാതെ നിന്നു. അതേ സമയം മറുവശത്ത് പന്തെറിഞ്ഞവരെല്ലാം നന്നായി തല്ലുവാങ്ങി. സ്റ്റാർ ബോളർ സുനിൽനരൈൻ 4 ഓവറിൽ വഴങ്ങിയത് 50 റൺസാണ്. മൊത്തം 24 ബൗണ്ടറികളും, 21 സിക്സറുകളുമാണ് ഈ മത്സരത്തിൽ വാൻ കൂവർ ബാറ്റ്സ്മാന്മാർ അടിച്ച് കൂട്ടിയത്.