SHARE

ഇന്ത്യയ്ക്കെതിരായ നിശ്ചിത ഓവർ പരമ്പരകൾക്കുള്ള വെസ്റ്റിൻഡീസ് ടീമുകളെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന അഞ്ച് മത്സര ഏകദിന‌പരമ്പരയ്ക്കും, പിന്നാലെ നടക്കുന്ന 3 മത്സര ടി20 പരമ്പരയ്ക്കുമുള്ള ടീമുകളെയാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർ താരങ്ങളുടെ അഭാവമാണ് ജേസൺഹോൾഡർ നയിക്കുന്ന ഏകദിന ടീമിനെ ശ്രദ്ധേയമാക്കുന്നത്. അതേ സമയം കാർലോസ് ബ്രാത്ത് വൈറ്റിന്റെ നായകത്വത്തിൽ സൂപ്പർ താരങ്ങളടങ്ങിയ ടീമിനെയാണ് ടി20 യിൽ അവർ അണിനിരത്തുന്നത്.

നായകൻ ജേസൺ ഹോൾഡറിന് പുറമേ, ദേവേന്ദ്ര ബിഷു, എവിൻ ലെവിസ്, കെമർ റോച്ച്, മർലോൺ സാമുവൽസ് എന്നിവരാണ്ഏകദിന ടീമിലെ പ്രധാന താരങ്ങൾ. കാർലോസ് ബ്രാത്ത് വൈറ്റ് നയിക്കുന്ന ടി20 ടീമിൽ, ഡാരൻ ബ്രാവോ, എവിൻ ലെവിസ്, കീറൺ പൊള്ളാർഡ്, ദിനേഷ് രാംദിൻ, ആന്ദ്രെ റസൽ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ട്. അതേ സമയം വിൻഡീസ് സൂപ്പർ താരങ്ങളായ ക്രിസ് ഗെയിൽ, സുനിൽ നരൈൻ, ഡ്വെയിൻ ബ്രാവോ എന്നിവർക്ക് രണ്ട് ടീമുകളിലും ഇടം പിടിക്കാനായില്ല.

-Advertisement-

പരിചയസമ്പന്നരായ സൂപ്പർ താരങ്ങളില്ലാതെ കളിക്കാനെത്തുന്നത് ഏകദിന പരമ്പരയിൽ വിൻഡീസിനെ ദുർബലരാക്കുമെന്നാണ് കരുതുന്നത്. വിൻഡീസുമായി തകർപ്പൻ പോരാട്ടം കാണാൻ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കും വലിയ നിരാശയാണ് ഈ താരങ്ങളുടെ അഭാവം നൽകുന്നത്. ഒക്ടോബർ 21 തുടങ്ങുന്ന ഏകദിന പരമ്പരയിൽ 5 മത്സരങ്ങളാണുള്ളത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് പരമ്പരയിലെ അവസാന ഏകദിനത്തിന് വേദിയാകുന്നത്.