SHARE

നാൽപ്പത്തിയഞ്ചാം വയസ് വരെ താൻ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായുണ്ടാകുമെന്ന് സൂചന നൽകി വിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയിൽ. ക്രിക്കറ്റ് കളി തുടങ്ങിയപ്പോളുള്ള അതേ ആവേശം തനിക്ക് ഇപ്പോളുമുണ്ടെന്നും, ഇപ്പോളും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്ക് തനിക്കുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗെയിൽ വ്യക്തമാക്കി. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ചിറ്റഗോംഗ് ചലഞ്ചേഴ്സിന്റെ താരമാണ് ഗെയിൽ.

നിലവിൽ വിൻഡീസ് ദേശീയ ടീമിലിലെല്ലെങ്കിലും ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ദേശീയ ടീമിനായി കളിക്കാനുള്ള ആഗ്രഹവും ഗെയിൽ സംസാരത്തിനിടെ വ്യക്തമാക്കി. തന്നെ ക്രിക്കറ്റ് മൈതാനത്ത് ഇനിയും ഏറെ നാൾ കാണാൻ ആഗ്രഹിക്കുന്നവരുണ്ടെന്നും താനും ഇനിയും ഏറെ നാൾ കളിക്കളത്തിൽ തുടരാൻ ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞ ഗെയിൽ നാൽപ്പത്തിയഞ്ചാം വയസ് വരെ താൻ കളിക്കളത്തിലുണ്ടാകുമെന്ന സൂചനയും പങ്ക് വെച്ചു.

അതേ സമയം കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം പരിശീലകനാവാൻ തനിക്ക് താല്പര്യമില്ലെന്ന് ഗെയിൽ പറയുന്നു. പരിശീലക ജോലി തന്റെ പദ്ധതിയിലില്ലെന്നും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് കളി നിർത്തിയതിന് ശേഷം താല്പര്യപ്പെടുന്നതെന്നും പറഞ്ഞ ഗെയിൽ. യാത്രകൾക്കായിരിക്കും തന്റെ ജീവിതത്തിൽ പിന്നീട് പ്രാധാന്യമെന്നും ഇത് വരെ പോയിട്ടില്ലാത്ത ചില സ്ഥലങ്ങൾ സന്ദർശിക്കുകയാണ് പദ്ധതിയെന്നും കൂട്ടിച്ചേർത്തു.