SHARE

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഒന്നിലേറെ റിക്കാര്‍ഡുകളുമായി ക്രിസ് ഗെയ്ല്‍ താണ്ഡവം. പിറന്നതാകട്ടെ റിക്കാര്‍ഡുകളുടെ പെരുമഴയും. ബിപിഎല്‍ ഫൈനലില്‍ ധാക്ക ഡൈനാമേറ്റ്‌സിനെതിരേ ആയിരുന്നു കരീബിയന്‍ താരത്തിന്റെ വെടിക്കെട്ട്. ആദ്യം ബാറ്റ് ചെയ്ത ഗെയ്‌ലിന്റെ ടീമായ രംഗ്പൂര്‍ റൈഡേഴ്‌സ് അടിച്ചുകൂട്ടിയത് 206 റണ്‍സ്. അതും ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍. ഇതില്‍ ഇതില്‍ 146 റണ്‍സും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന്. 69 പന്തില്‍ 18 പടുകൂറ്റന്‍ സിക്‌സറുകളും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു വെറ്ററന്‍ താരത്തിന്റെ വെടിക്കെട്ട്.

ട്വന്റി-20 ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്നേ നേട്ടമാണ് ഗെയ്‌ലിന്റെ താണ്ഡവത്തില്‍ തകര്‍ന്ന ഒരു റിക്കാര്‍ഡ്. കുട്ടിക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന ഖ്യാതിയും ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന് സ്വന്തം. 20 സെഞ്ചുറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ഫോര്‍മാറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറുകളും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 18 തവണയാണ് പന്ത് ആകാശത്തു കൂടെ പറന്നത്. ഗെയ്ല്‍ കഴിഞ്ഞാല്‍ ട്വന്റി-20യില്‍ ഏറ്റവുമധികം റണ്‍സുള്ള താരം ബ്രെണ്ടന്‍ മക്കല്ലമാണ്.

309 ഇന്നിംഗ്‌സില്‍ നിന്ന് 8526 റണ്‍സ്. ബിപിഎല്ലില്‍ സിക്‌സറുകളില്‍ മൂന്നക്കം തികയ്ക്കുന്ന ആദ്യ താരമായും ഗെയ്ല്‍ മാറി. രണ്ടാം വിക്കറ്റില്‍ മക്കല്ലത്തിനൊപ്പം 201 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഗെയ്‌ലിനായി. കേവലം 22 റണ്‍സില്‍ വച്ച് ഷക്കീബ് അല്‍ഹസന്‍ ഗെയ്‌ലിനെ വിട്ടുകളഞ്ഞിരുന്നു. ധാക്കയെ വന്‍ മാര്‍ജിനില്‍ തോല്പിച്ച് രംഗ്പൂര്‍ കിരീടം ഉയര്‍ത്തുകയും ചെയ്തു.