SHARE

ലോകഫുട്‌ബോളില്‍ ആഫ്രിക്കയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരമാണ് ജോര്‍ജ് വിയ. ലൈബീരിയയുടെ എക്കാലത്തെയും ഇതിഹാസ താരം. ഫുട്‌ബോളിനോട് വിടപറഞ്ഞ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ വിയ ലൈബീരിയയുടെ പ്രസിഡന്റുമായി. ഇപ്പോള്‍ വിയ വീണ്ടും പന്തുതട്ടിയതാണ് പുതിയ വാര്‍ത്ത. അതും തന്റെ അമ്പത്തിയൊന്നാം വയസില്‍.

നൈജീരിയയ്‌ക്കെതിരേ നടന്ന മത്സരത്തിലാണ് വിയ വീണ്ടും കളത്തിലിറങ്ങിയത്. മത്സരത്തില്‍ 2-1ന് ലൈബീരിയ തോറ്റെങ്കിലും വിയ ആരാധകര്‍ക്ക് ആവേശമായി. വിയ ധരിച്ചിരുന്ന ജഴ്‌സിയിലെ പതിനാലാം നമ്പറിന്റെ വിരമിക്കല്‍ ഉദ്ദേശിച്ചായിരുന്നു ഈ മത്സരം സംഘടിപ്പിച്ചത്. കളി തീരാന്‍ 12 മിനിറ്റുള്ളപ്പോള്‍ വിയ കളത്തിലെത്തി. പ്രതിഭയെ പ്രായം തളര്‍ത്തിയിട്ടില്ലെന്ന് കാണിക്കാനും അദേഹത്തിനായി. സഹതാരങ്ങള്‍ താങ്ക് യു കിംഗ് ജോര്‍ജ് എന്നെഴുതിയ ജേഴ്‌സിയായിരുന്നു ധരിച്ചിരുന്നത്.

യൂറോപ്യന്‍ ക്ലബ്ബുകളിലേക്കു ചേക്കേറും മുമ്പ് വിയ ലൈബീരിയ, ഐവറി കോസ്റ്റ്, കാമറൂണ്‍ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളില്‍ കളിച്ചിരുന്നു. അതിനുശേഷം പാരീസ് സെന്റ് ജെര്‍മെയ്ന്‍, മൊണക്കോ, മാഴ്‌സെ, എസി മിലാന്‍ ക്ലബ്ബുകളില്‍ കളിച്ചു. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളിലും അദ്ദേഹം കളിച്ചിരുന്നു. യുഎഇ ക്ലബ് അല്‍ ജസീറയില്‍വച്ചാണ് വിയ വിരമിക്കുന്നത്. 1995ല്‍ വിയയ്ക്ക് ആഫ്രിക്കന്‍, ഫിഫ വേള്‍ഡ് പ്ലയര്‍ ഓഫ് ദ ഇയര്‍, ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.