SHARE

ദേശീയ ടീമിനായി ആദ്യ ഇലവനിൽ അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ ​ഗോൾ നേടി തിമോത്തി വിയ. ലൈബീരിയൻ ഇതിഹാസതാരവും, നിലവിലെ ലൈബീരിയൻ പ്രസിഡന്റുമായ ജോർജ് വിയയുടെ മകനാണ് തിമോത്തി. എന്നാൽ ലൈബീരിയക്ക് വേണ്ടിയല്ല, അമേരിക്കയ്ക്ക് വേണ്ടിയാണ് തിമോത്തിയുടെ ​ഗോൾ.

ബൊളീവിയക്കെതിരായ സന്നാഹ മത്സരത്തിലാണ് തിമോത്തിയുടെ ​ഗോൾ. തിമോത്തിയുടെ രണ്ടാം അന്താരാഷ്ട്ര മത്സരം മാത്രമായിരുന്നു ഇത്. മാർച്ച് പരാഗ്വെയ്ക്കെതിരായ മത്സരത്തിൽ പകരക്കാനായിറങ്ങിയാണ് തിമോത്തി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. അന്നത്തെ അരങ്ങേറ്റത്തോടെ, 2000-ത്തിന് ശേഷം ജനിച്ച് യു.എസ് ടീമിനായി കളിക്കുന്ന ആദ്യ താരമെന്ന നേട്ടം തിമോത്തി സ്വന്തമാക്കിയിരുന്നു. ബോളീവിയക്കെതിരായ ​ഗോളോടെ, ദേശീയ ടീമിനായി ​ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമെത്തെ താരമായി തിമോത്തി മാറി.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ താരമാണ് തിമോത്തി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ അമേരിക്കൻ ടീംമ​ഗമായി തിമോത്തി കളിച്ചിരുന്നു. അന്ന് പരാ​ഗ്വെയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക്കും തിമോത്തി നേടിയിരുന്നു. യു.എസിലെ ന്യൂയോർക്കിലാണ് തിമോത്തി ജനിച്ചത്.