SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയിൽ ആശങ്കപടർത്തി സൂപ്പർതാരം ജെറാർഡ് പിക്വെയുടെ പരുക്ക്. കാൽമുട്ടിന് പരുക്കേറ്റ് ഈ സ്പാനിഷ് സെന്റർ ബാക്കിന് ദീർഘനാൾ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചനകൾ.

ഇന്നലെ അത്ലെറ്റിക്കോ മഡ്രിഡിനെതിരായ മത്സരത്തിനിടെയാണ് പിക്വെയ്ക്ക് പരുക്കേറ്റത്. എതിർതാരം ഏയ്ഞ്ചൽ കോറയയുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന്റെ വലതുകാൽമുട്ടിന് പരുക്കേറ്റത്. തുടർന്ന് മെഡിക്കൽ സ്റ്റാഫിന്റെ സഹായത്തോടെ, കരഞ്ഞുകൊണ്ടാണ് പിക്വെ കളിക്കളം വിട്ടത്.

​ഗ്രൗണ്ടിലും പിന്നീട് ഡ്രെസിങ് റൂമിലും നടത്തിയ ആദ്യ പരിശോധനകളിൽ പിക്വെയുടെ പരുക്ക് ​ഗുരുതരമാണെന്നാണ് കണ്ടെത്തിയതെന്ന് ഡിയാരിയോ റിപ്പോർട്ട് ചെയ്തു. താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ആറ് മാസം വരെ പിക്വെ കളിക്കളത്തിന് പുറത്തിരിക്കാനും സാധ്യതയുണ്ട്.

അടുത്തിടെ മറ്റൊരു ബാഴ്സ താരമായ അൻസുഫാറ്റിക്കും കാൽമുട്ടിന് പരുക്കേറ്റിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഈ യുവതാരം ഇനി മാർച്ചിൽ മാത്രമെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയുള്ളു.