SHARE

സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ പരിശീലകനായി ശ്രദ്ധേയ പ്രകടനമാണ് സ്റ്റീവൻ ജെറാർഡ് നടത്തുന്നത്. ലീ​ഗിലെ മികച്ച പ്രകടനത്തിനൊപ്പം, ഏറെ നാളുകൾക്ക് ശേഷം ചിരവൈരികളായ കെൽറ്റിക്കിനെ തോൽപ്പിച്ചതും ആരാധകർക്ക് ജെറാർഡിലുള്ള വിശ്വാസം വർദ്ധിപ്പിച്ചു. ആ വിശ്വാസം ട്രാൻസ്ഫർ ജാലകത്തിലും കാത്തുസൂക്ഷിച്ചിരിക്കുകയാണ് ലിവർപൂൾ ഇതിഹാസം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് താരങ്ങളായ ജെർമെയിൻ ഡിഫോ, സ്റ്റീവൻ ഡേവിസ് എന്നിവരെയാണ് ജെറാർഡ് റേഞ്ചേഴ്സിലേക്കെത്തിച്ചിരിക്കുന്നത്. ബേൺമത്തിൽ നിന്നാണ് സ്ട്രൈക്കറായ ഡിഫോ സ്കോട്ലൻഡിലെത്തുക. വടക്കൻ അയർലൻഡ് നായകൻ കൂടിയായ ഡേവിസാകട്ടെ സതാംപ്ടനിൽ നിന്നാണ് എത്തുന്നത്. ലോണിലാണ് ഇരു കളിക്കാരും റേഞ്ചേഴ്സിലെത്തുക

സ്റ്റീവൻ ഡേവിസ് റേഞ്ചേഴ്സിന്റെ മുൻ ക്യാപ്റ്റൻ കൂടിയായിരുന്നു. നേരത്തെ നാല് വർഷം ഡേവിസ് റേഞ്ചേഴ്സ് ജേഴ്സിയണിഞ്ഞിട്ടുണ്ട്. 200-ലേറെ മത്സരങ്ങളും സ്കോട്ലൻഡിൽ കളിച്ചിട്ടുണ്ട്. മുൻ ഇം​ഗ്ലീഷ് താരമായ ഡിഫോ ദേശീയ ടീമിൽ ജെറാർഡിന്റെ സഹതാരമായിരുന്നു. ടോട്ടനം, സണ്ടർലന്ഡ് തുടങ്ങിയ ക്ലബുകളിൽ ഡിഫോ കളിച്ചിട്ടുണ്ട്.