SHARE
പ്രതീകാത്മക ചിത്രം

കോവിഡ് ഭീതിയെത്തുടർന്ന് സാമൂഹിക അകലം പാലിച്ചപ്പോൾ ജർമനിയിലെ ഒരു അമേച്വർ ക്ലബ് ലീ​ഗ് മത്സരം തോറ്റത് എതിരില്ലാത്ത 37 ​ഗോളിന്. കഴിഞ്ഞ ​ദിവസം ജർമനിയിലെ 11-ാം ഡിവിഷനിലാണ് ഈ സംഭവം അരങ്ങേറിയത്.

ഞായറാഴ്ചയായിരുന്നു റിപ്ഫോർഡും ഹോൾഡെൻസ്റ്റെഡ്റ്റും തമ്മിലുള്ള മത്സരം നടന്നത്. എന്നാൽ ഇതിനുതൊട്ടുമുമ്പ് എഡൽസ്റ്റോർഫിനെതിരെ ഹോൾഡെൻസ്റ്റെഡ്റ്റ് മത്സരിച്ചിരുന്നു. ഈ മത്സരത്തിൽ പങ്കെടുത്ത ഒരു എഡൽസ്റ്റോർഫ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അന്ന് ഹോൾഡെൻസ്റ്റെഡ്റ്റ് താരങ്ങൾ കോവിഡ് ബാധിച്ച എതിർ താരവുമായി സമ്പർക്കമുണ്ടായിട്ടുണ്ടാകാമെന്ന ആശങ്കയിലേക്ക് റിപ്ഫോർഡ് എത്തി.

അങ്ങനെ ഹോൽഡെൻസ്റ്റെഡ്റ്റിനെതിരായ മത്സരിക്കുന്നതിലുള്ള ആശങ്ക റിപ്ഫോർഡ് അറിയിച്ചു. അതിനിടെ ഹോൾഡെൻസ്റ്റെഡ്റ്റിന്റെ താരങ്ങളിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ എല്ലാവർക്കും നെ​ഗറ്റീവാകുകയും ചെയ്തു. എങ്കിലും റിപ്ഫോർഡിന്റെ ആശങ്ക പരി​ഗണിച്ച് റിസർവ് ടീമിനെ ഇറക്കാനും ഹോൾഡെൻസ്റ്റെഡ്റ്റ് തീരുമാനിച്ചു. എന്നാൽ മത്സരം മാറ്റിവയ്ക്കണമെന്നായിരുന്നു റിപ്ഫോർഡിന്റെ ആവശ്യം.

ഇത് അം​ഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെ ഒന്നുകിൽ കളിക്കാനിറങ്ങുക, അതല്ലെങ്കിൽ മത്സരം ബഹിഷ്കരിച്ച് അതിനുള്ള വൻ പിഴ ഏറ്റവുവാങ്ങുക എന്നീ നിർദേശങ്ങൾ റിപ്ഫോർഡിന് മുന്നിൽ വച്ചു. ഇതോടെ സാമൂഹിക അകല പാലിച്ച് കളിക്കളത്തിലിറങ്ങാം എന്ന തീരുമാനം റിപ്ഫോർഡ് എടുത്തു.

അങ്ങനെ എതിരാളികളുമായി കൃത്യമായ അകലം പാലിച്ച് റിപ്ഫോർഡ് താരങ്ങൾ ​ഗ്രൗണ്ടിൽ കാഴ്ചക്കാരായി നിന്നു. എതിരാളികൾ ഇല്ലാത്ത ഈ അവസ്ഥ മുതലാക്കി ഹോൾഡെൻസ്റ്റെഡ്റ്റ് 37 തവണ വലകുലുക്കുകയും ചെയ്തു.