പരുക്കിനെത്തുടർന്ന് വിശ്രമത്തിലായ ജെർമൻ പ്രതിരോധതാരം നിക്ലാസ് സ്യൂൾ അടുത്ത വർഷത്തെ യൂറോ കപ്പിൽ കളിച്ചേക്കും എന്ന് റിപ്പോർട്ടുകൾ. പരുക്കിൽ നിന്ന് മോചിതനായി വരുന്ന സ്യൂൾ യൂറോ കപ്പിന് മുമ്പായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കും എന്നാണ് ജർമൻ മാധ്യമങ്ങൾ പറയുന്നുത്.
ഒക്ടോബറിൽ നടന്ന ബുന്ദ്സലിഗ മത്സരത്തിനിടെയാണ് ബയേൺ മ്യൂണിച്ച് സെന്റർ ബാക്കിയ സ്യൂളിന് പരുക്കേറ്റത്. ഇടതുകാൽമുട്ടിലെ ലിഗമെന്റിന് പരുക്കേറ്റ സ്യൂളിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ പത്ത് മാസത്തോളം വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. ഇതോടെ സ്യൂളിനോട് യൂറോ സ്വപ്നങ്ങൾ മറന്നേക്കാൻ ബയേൺ പ്രസിഡന്റ് യുലി ഹോനസ് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരത്തിന് നിശ്ചയിച്ചിരുന്നതിലും നേരത്തെ മടങ്ങിയെത്താൻ സാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
തന്റെ കാൽമുട്ടിന് ഇപ്പോൾ പ്രശ്നമൊന്നുമില്ലന്നും, പരുക്ക് പൂർണമായി ഭേദമാകാനുള്ള വിശ്രമത്തിലും ചികിത്സയിലുമാണെന്നും, അടുത്ത വർഷം മാർച്ച് അവസാനമോ, ഏപ്രിലിലോ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് കഴിഞ്ഞ ദിവസം സ്യൂൾ പറയുകയും ചെയ്തു. 2016-ൽ ദേശീയ ടീമിൽ അരങ്ങേറിയ സ്യൂൾ ഇതിനകം 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.