SHARE

ജർമൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ മരിയോ ​ഗോമസ് കളിക്കളത്തോട് വിടപറഞ്ഞു. ക്ലബായ സ്റ്റുട്ട്​ഗർട്ടിനായി ഇന്നലെ ബുന്ദസ്ലി​ഗ രണ്ടാം ഡിവിഷനിലെ മത്സരത്തോടെയാണ് 34-കാരനായ ​ഗോമസ് ബൂട്ടഴിച്ചത്.

2017 മുതൽ സ്റ്റുട്ട്​ഗർട്ടിന്റെ താരമാണ് ​ഗോമസ്. കഴിഞ്ഞ സീസണിൽ ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. എന്നാൽ ക്ലബിനൊപ്പം തുടർന്ന ​ഗോമസ് ഇക്കുറി അവരെ ബുന്ദസ്ലി​ഗയിലേക്ക് തിരികെയെത്തിച്ചശേഷമാണ് ബൂട്ടഴിക്കുന്നത്. ലീ​ഗിൽ രണ്ടാം സ്ഥാനക്കാരായാണ് സ്റ്റുട്ട്​ഗർട്ട് ഒന്നാം ഡിവിഷനിലേക്ക് തിരികെയെത്തുന്നത്. ഇതോടെ അപ്രസക്തമായ ഇന്നലത്തെ അവസാനമത്സരത്തിൽ സ്റ്റുട്ട്​ഗർട്ട് തോൽവി വഴങ്ങി. എന്നാൽ ഈ മത്സരത്തിൽ ടീമിന്റെ ഏക​ഗോളും നേടി ​ഗോമസ് അവസാനമത്സരം അവിസ്മരണീയമാക്കി.

-Advertisement-

രണ്ട് ഘട്ടങ്ങളിലായി സ്റ്റുട്ട്​ഗർട്ടിനൊപ്പം ഒമ്പത് സീസൺ ​ഗോമസ് കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ച്, വോൾവ്സ്ബർ​ഗ് എന്നീ ജർമൻ ക്ലബുകൾക്കായും ​ഗോമസ് കളിച്ചിട്ടുണ്ട്. തുർക്കിയിലും ഇറ്റലിയിലും ​ഗോമസ് ക്ലബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ജർമൻ ദേശീയ ടീമിനായി 78 മത്സരങ്ങളിൽ നിന്ന് 31 ​ഗോൾ ​ഗോമസ് നേടിയിട്ടുണ്ട്. മൂന്ന് യൂറോക്കപ്പുകളിലും രണ്ട് ലോകകപ്പുകളിലും ടീമിനായി ​ഗോമസ് ജേഴ്സിയണിഞ്ഞിട്ടുണ്ട്. 2012 യൂറോ കപ്പിലെ ടോപ്സ്കോറർമാരിലൊരാളുമായിരുന്നു ​ഗോമസ്.