SHARE

കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി തങ്ങളുടെ ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കരുത്തുറ്റ ടീമിനെയാണ് ഇക്കുറിയും ജര്‍മ്മനി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ അവസാനനിമിഷം വിജയഗോള്‍ നേടിയ മരിയോ ഗോട്‌സെ ടീമില്‍ ഇടംകണ്ടെത്തിയില്ലെന്നാണ് ശ്രദ്ധേയമായ കാര്യം.

2017 സപ്തംബറിന് ശേഷം ടീമിന് വേണ്ടി ഒരു മത്സരം പോലും കളിക്കാതിരുന്ന ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ സാധ്യതാ ടീമിലുണ്ട്. ബെര്‍ഡ് ലെനോ, മാര്‍ക് ആന്‍ഡ്രെ ടെര്‍ സ്റ്റീഗന്‍, കെവിന്‍ ട്രാപ്പ് എന്നിവരാണ് മറ്റു ഗോള്‍കീപ്പര്‍മാര്‍. മാറ്റ് ഹമ്മല്‍സ്, ജോഷ്വ കിമ്മിച്ച്, ജെറോം ബോട്ടെംഗ്, സമി ഖെദീറ, ടോണി ക്രൂസ്, മെസൂട്ട് ഓസില്‍, തോമസ് മുള്ളര്‍, മാര്‍ക്കോ റയസ് തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്.

ജൂണ്‍ 14ന് ആരംഭിക്കുന്ന റഷ്യന്‍ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയ, മെക്സിക്കോ, സ്വീഡന്‍ എന്നിവര്‍ക്കൊപ്പമാണ് ജര്‍മ്മനിയുടെ സ്ഥാനം. 17ന് മെക്സിക്കോയ്ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.