അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും ക്ലാസിക്ക് പോരാട്ടമാണ് ബ്രസീലും അർജന്റീനയും തമ്മിലുള്ളത്. എന്നാൽ ലോകകപ്പിലേക്ക് വരുമ്പോൾ ക്ലാസിക്ക് പോരാട്ടം എന്നവകാശപ്പെടാവുന്ന ഒരു മത്സരം കൂടിയുണ്ട്. ജർമനിയും അർജന്റീനയും തമ്മിലുള്ള മത്സരം.
കഴിഞ്ഞ മൂന്ന് ലോകപ്പുകളിലും അർജന്റീനയെ നാട്ടിലേക്ക് മടക്കിയയച്ചത് ജർമനിയാണ്. 2006-ലും 2010-ലും ക്വാർട്ടറിലും 2014-ൽ ഫൈനലിലുമാണ് ജർമനി അർജന്റീനയെ തകർത്തത്. 2006-ൽ ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടയാണ് ജർമനി വിജയം നേടിയത്. അർജന്റീനയ്ക്കായി റോബർട്ടോ അയാളയും ജർമനിക്കായി മിറോസ്ലാവ് ക്ലോസെയും ഗോൾ നേടിയപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അവിടെ ജർമൻ താരങ്ങൾ കൃത്യമായി ലക്ഷ്യം കണ്ടപ്പോൾ ഗോൾസ്കോറർ അയാളയ്ക്കും എസ്തബാൻ കാംബിയോസയക്കും അർജന്റൈൻ നിരയിൽ പിഴച്ചത്.
2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ക്വാർട്ടറിൽ എതിരില്ലാത്ത നാല് ഗോളിനാണ് അർജന്റീനയെ ജർമനി തകർത്തത്. ബാസ്റ്റിൻ ഷ്വൈൻസ്റ്റീഗറുടെ അസാധ്യ പ്രകടനം കണ്ട മത്സരത്തിൽ ക്ലോസെ(രണ്ട്), തോമസ് മുള്ളർ, ആർനെ ഫ്രെഡ്റിച്ച് എന്നിവരാണ് അർജന്റൈൻ വലകുലിക്കുയത്.
കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ അധികസമയത്ത് മാരിഗോ ഗോട്സെ സൂപ്പർ മാരിയോ ആയപ്പോൾ ജർമനി ലോകകിരീടവുമായി മടങ്ങി. ഒരിക്കൽ കൂടി അർജന്റീനയുടെ കണ്ണീര് വീഴ്ത്തി. ഇക്കുറിയും ഇരു ടീമുകളും ഏറ്റമുട്ടുമോയെന്ന് അറിയാനിരിക്കുന്നതേയുള്ളു. എന്നാൽ ഒരു കാര്യം ഉറപ്പാണ് ഏറ്റുമുട്ടിയാൽ അത് ഒരു ഒന്നൊന്നര മത്സരമായിരിക്കും.