SHARE

കഴിഞ്ഞ കുറേ നാളുകളായി ജർമനിയെ ലോകഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാക്കി നിലനിർത്തുന്നത് അവരുടെ പരിശീലകൻ ജോവാക്വിം ലോയാണ്. 2006-ൽ ദേശീയ ടീം പരിശീലകനായെത്തിയ ലോ ആ പദവിയിൽ പതിനാലാം വർഷത്തിലേക്കാണ് കടക്കുന്നത്.

ലോകകപ്പ്, കോൺഫെഡറേഷൻ കപ്പ് എന്നീ കിരീടങ്ങൾ ജർമനിക്ക് നേടിക്കൊടുത്തത് ലോയാണ്. ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പും, യുവേഫ നേഷൻസ് ലീ​ഗും ഒഴികെ ടീമിനെ അണിനരിത്തിയ എല്ലാ പോരാട്ടങ്ങളിലും ജർമനി സെമിയിലെത്തിയിരുന്നു. 2022 വരെ ലോ ജർമനിക്കൊപ്പം കരാർ പുതുക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്നെ ലോയുടെ പിൻ​ഗാമിക്കായി ജർമനി അന്വേഷണം തുടങ്ങി. കഴിഞ്ഞ രണ്ട് ടൂർണമെന്റുകളിലേയും നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ലോ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താകുമെന്ന് കരുതിയിരുന്നു. എന്നാൽ ദേശീയ ടീം അധികൃതരുടെ പിന്തുണ ഈ പരിശീലകനുണ്ടായിരുന്നു.

കരാർ 2022 വരെയുണ്ടെങ്കിലും അടുത്തവർഷത്തേക്ക് മാറ്റിയ യൂറോ കപ്പോടെ ലോ ദേശീയ ടീം പരിശീലകസ്ഥാനമൊഴിയുമെന്ന് അഭ്യൂഹങ്ങളുണ്ട്. ലോ സ്ഥാനമൊഴിഞ്ഞാൽ പകരം പരി​ഗണിക്കുന്ന ആദ്യ പേര് ലിവർപൂളിന്റെ പരിശീലകൻ യുർ​ഗൻ ക്ലോപ്പിന്റേതാണ്. ലിവർപൂളുമായി 2024 വരെ ക്ലോപ്പിന് കരാറുണ്ട്. എങ്കിലും ദേശീയ ടീമിന്റെ താൽപര്യം ക്ലോപ്പിനെ അറിച്ചിട്ടുണ്ടെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോയുടേത് പോലെ ദീർഘകാല പദ്ധതിയാകും ജർമനി മനസിൽ കണ്ടിട്ടുള്ളത്. ഇതിന് ഏറ്റവും അനുയോജ്യൻ ക്ലോപ്പ് തന്നെയാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിലും ലിവർപൂളിലും ആവശ്യത്തിന് സമയമെടുത്ത് ഒന്നാന്തരം ടീമിനെ വാർത്തെടുത്ത് നേട്ടം കൊയ്യാൻ ക്ലോപ്പിന് സാധിച്ചിട്ടുണ്ട്. ഒപ്പം നിലവിൽ ലോ പിന്തുടരുന്ന ആക്രമണഫുട്ബോളിനെ പുതിയ തലത്തിലേക്കെത്തിക്കാൻ ക്ലോപ്പിന് സാധിക്കുമെന്ന വിശ്വാസവും ജർമൻ അധികൃതർക്കുണ്ട്.