ലോകകപ്പില്‍ നിലനില്പിന്റെ പോരാട്ടത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് കടുത്ത മത്സരം സമ്മാനിച്ച് സ്വീഡന്. തോറ്റാല്‍ പുറത്തെന്ന ഘട്ടത്തില്‍ ഗ്രൂപ്പ് എഫില്‍ കളിക്കാനിറങ്ങിയ ജര്‍മനിക്കെതിരേ ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിലെത്താന്‍ സ്വീഡനായി. മുപ്പത്തിരണ്ടാം മിനിറ്റില്‍ ഒല ടോയിവോനെന്‍ ആണ് സ്വീഡനായി പന്ത് വലയിലെത്തിച്ചത്. കൂടുതല്‍ സമയം പന്ത് കൈവശം വച്ചിട്ടും വലകുലുക്കാന്‍ സാധിക്കാത്ത ജര്‍മന്‍ നിരയെയാണ് ആദ്യ പകുതിയില്‍ കണ്ടത്.
കളി ചൂടു പിടിച്ചതു മുതല്‍ പന്തിന്റെ നിയന്ത്രണം ജര്‍മന്‍ കാലുകളിലായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ സ്വീഡന് വലകുലുക്കിയെന്ന് തോന്നിച്ചതാണ്. ഏറെനേരം സ്വീഡിഷ് ബോക്സിനുള്ളില്‍ പന്തുമായി കടന്ന ജര്‍മന്‍ താരങ്ങളുടെ കാലില്‍ നിന്ന് പന്തു തട്ടിയെടുത്ത മാര്‍ക് ബെര്‍ഗിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബോക്സിനുള്ളില്‍ ജെറോം ബോട്ടെംഗിന്റെ അവസാന നിമിഷ രക്ഷപ്പെടുത്തല്‍ ഇല്ലായിരുന്നെങ്കില്‍ സ്വീഡന് മുന്നിലെത്തിയേനെ. അപകടകരമായി സ്വീഡനും മുന്നേറ്റങ്ങള്‍ നടത്തിയതോടെ കളി ആവേശകരമായി.
ജര്‍മനിയെ സ്വന്തം ഹാഫില്‍ തടഞ്ഞു നിര്‍ത്തുകയെന്ന തന്ത്രത്തിലൂന്നിയാണ് സ്വീഡന് കളിച്ചത്. അതുകൊണ്ട് തന്നെ പന്തിന്റെ നിയന്ത്രണം കൂടുതല്‍ സമയത്തും ജര്‍മനിക്കായിരുന്നു. കിട്ടിയ അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ അവര്‍ക്കായി. ഒളിമ്പിക്സി സ്റ്റേഡിയത്തിലെ ആയിരങ്ങളെ ഞെട്ടിച്ച് മുപ്പത്തിരണ്ടാം മിനിറ്റില്‍ സ്വീഡന് മുന്നിലെത്തി. ജര്‍മന്‍ താരത്തിന്റെ കാലുകളില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി മുന്നേറിയ ഒല ടോയിവോനെന്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂവറെ സമര്‍ഥമായി കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്വീഡന് 1-0! ജര്‍മന്‍ ക്യാംപില്‍ ബോംബ് വീണ അവസ്ഥ.