SHARE

സീസണിലെ ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെ സ്കോട്ടിഷ് ലീ​ഗ് കിരീടമുയർത്തി റേഞ്ചേഴ്സ്. വിഖ്യാത ഇ​ഗ്ലീഷ് താരം സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സ് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ്. ചുമതലയേറ്റ് മൂന്നാം സീസണിലാണ് കെൽറ്റിക്കിന്റെ കുതിപ്പവസാനിപ്പിച്ച് ജെറാർഡ് റേഞ്ചേഴ്സിനെ കിരീടജേതാക്കളാക്കിയത്.

സീസണിൽ നടന്ന 38 മത്സരങ്ങളിൽ 32-ലും റേഞ്ചേഴ്സ് വിജയിച്ചു. ആറ് മത്സരങ്ങൾ സമനിലയായി. ഇന്നലെ നടന്ന അവസാന ലീ​ഗ് മത്സരത്തിൽ അബെർഡീനെ എതിരില്ലാത്ത നാല് ​ഗോളിനാണ് റേഞ്ചേഴ്സ് വീഴ്ത്തിയത്. ഇതോടെ ക്ലബ് പോയിന്റ് നിലയിൽ സെഞ്ച്വറി നേടി. 102 പോയിന്റോടെയാണ് റേഞ്ചേഴ്സ് സീസൺ അവസാനിപ്പിക്കുന്നത്.

സീസണിൽ സ്വന്തം തട്ടകത്തിൽ നടന്ന 19 മത്സരങ്ങളിലും റേഞ്ചേഴ്സ് വിജയം നേടി. 26 ക്ലീൻ ഷീറ്റെന്ന ലീഡ് റെക്കോർഡിനൊപ്പവുമെത്തി റേഞ്ചേഴ്സ്. ലീ​ഗിൽ ആകെ 92 ​ഗോളാണ് റേഞ്ചേഴ്സ് അടിച്ചുകൂട്ടിയത്. വെറും 13 ​ഗോളുകൾ മാത്രമാണ് ജെറാർഡിന്റെ സംഘം ലീ​ഗിൽ വഴങ്ങിയത്. ഇത് റെക്കോർഡാണ്.

മാർച്ചിൽ തന്നെ റേഞ്ചേഴ്സ് സ്കോട്ടിഷ് ലീ​ഗ് കിരീടമുറപ്പിച്ചിരുന്നു. എന്നാൽ അവസാന മത്സരശേഷമാണ് കിരീടധാരണം നടന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി വിജയിച്ചുകൊണ്ടിരുന്ന കെൽറ്റിക്കാണ് ഇക്കുറി രണ്ടാം സ്ഥാനക്കാർ. കെൽറ്റിക്കിനേക്കാൾ 25 പോയിന്റ് അധികം നേടിയാണ് റേഞ്ചേഴ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

യൂറോപ്പാ ലീ​ഗിലും മികച്ച പ്രകടനമാണ് ജെറാർഡിന്റെ കീഴിൽ റേഞ്ചേഴ്സ് നടത്തിയത്. തുർക്കി സൂപ്പർ ക്ലബ് ​ഗലാറ്റസരെയടക്കമുള്ളവരെ യോ​ഗ്യതാ റൗണ്ടിൽ തോൽപ്പിച്ചാണ് റേഞ്ചേഴ്സ് യൂറോപ്പാ ലി​ഗ് ​ഗ്രൂപ്പിൽ ഇടം പിടിച്ചത്. ബെൻഫിക്കയടങ്ങുന്ന ​ഗ്രൂപ്പിൽ നിന്ന് ജേതാക്കളായി മുന്നേറിയ റേഞ്ചേഴ്സ് പ്രീക്വാർട്ടർ വരെയെത്തി.