SHARE
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് (ഇന്ത്യ-വിൻഡീസ് ആദ്യ ടി20 ക്ക് മുൻപ് ഇന്ത്യൻ താരങ്ങൾ)

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പണി കഴിപ്പിക്കും. കഴിഞ്ഞ ദിവസം ലക്നൗവിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം പ്രഖ്യാപിച്ചത്‌. 75000 ആൾക്കാരെ ഉൾക്കൊള്ളുന്നതാകും സ്റ്റേഡിയം. നിലവിൽ 68000 പേരെ ഉൾക്കൊള്ളുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം.

സ്റ്റേഡിയത്തിന് വേണ്ടി 34 ഏക്കർ സ്ഥലം ഉത്തപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്തു കഴിഞ്ഞു. മോർട്ടി ഗ്രാമത്തിലെ കൃഷിക്കാരിൽ നിന്ന് 80 കോടി രൂപ നൽകിയാണ് ഈ സ്ഥലം ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിനായി 400 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2019 ഓടെ സ്റ്റേഡിയത്തികെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി‌.