SHARE

ഏഴാം ജയത്തോടെ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാമെന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മോഹം തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ (57) ക്ലാസിക് ബാറ്റിംഗില്‍ 6 വിക്കറ്റിനാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആതിഥേയര്‍ ജയിച്ചു കയറിയത്. 178 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരുഘട്ടത്തില്‍ നാലിന് 97 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പം (45) ഗില്‍ നിലയുറപ്പിച്ചതോടെ കൊല്‍ക്കത്ത അഞ്ചാം ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍ ചെന്നൈ 177-5, കൊല്‍ക്കത്ത 180-5

ബാറ്റിംഗ് ഓര്‍ഡറില്‍ ഗില്ലിനെ നേരത്തെ ഇറക്കിയ കൊല്‍ക്കത്തന്‍ തന്ത്രം വിജയിക്കുന്നതാണ് ഈഡനില്‍ കണ്ടത്. ക്രിസ് ലിന്‍ (12), സുനില്‍ നരെയ്ന്‍ (32), റോബിന്‍ ഉത്തപ്പ (6) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയ ശേഷമായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. ആദ്യ രണ്ടോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരുവിക്കറ്റ് വീഴ്ത്തിയ മലയാളി താരം ആസിഫ് എറിഞ്ഞ പതിനഞ്ചാം ഓവറില്‍ പിറന്നത് 21 റണ്‍സ്. മൂന്നു പടുകൂറ്റന്‍ സിക്‌സറുകളാണ് ഓവറില്‍ ഗില്ലും കാര്‍ത്തിക്കും നേടിയത്. കളിയിലെ ടേണിംഗ് പോയിന്റും ആസിഫിന്റെ ഈ ഓവറായിരുന്നു. 32 പന്തിലാണ് ഗില്‍ തന്റെ ആദ്യ ഐപിഎല്‍ അര്‍ധശതകം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണര്‍മാര്‍ പ്രതീക്ഷിച്ച തുടക്കമാണ് നല്‍കിയത്. 15 പന്തില്‍ 27 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസ് പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സെത്തിയിരുന്നു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ സുരേഷ് റെയ്‌നയും നന്നായി ബാറ്റ് ചെയ്തു. എന്നാല്‍ 36 റണ്‍സെടുത്ത വാട്‌സണ്‍ നരെയ്‌ന് വിക്കറ്റ് സമ്മാനിച്ചു. 31 റണ്‍സെടുത്ത് സുരേഷ് റെയ്‌നയും 21 റണ്‍സെടുത്ത അമ്പാട്ടി റായുഡും പുറത്തായതോടെ ചെന്നൈ സ്‌കോറിംഗിന് വേഗം കുറഞ്ഞു.

മികച്ച രീതിയിലാണ് കൊല്‍ക്കത്തന്‍ സ്പിന്നര്‍മാര്‍ പന്തെറിഞ്ഞത്. എന്നാല്‍ അവസാന ഓവറുകളില്‍ ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രക്ഷകനായി മാറി. 25 പന്തില്‍ 43 റണ്‍സെടുത്ത ധോണി തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി പിയൂഷ് ചൗള, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകളും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.