SHARE

കൊച്ചിയിൽ മെൽബൺ സിറ്റിക്കെതിരെ നടക്കുന്ന ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ മത്സരത്തിൽ ആദ്യ പകുതിയിൽ ജിറോണാ എഫ് സി മുന്നിൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജിറോണ മുന്നിലെത്തിയിരിക്കുന്നത്. ജിറോണയ്ക്ക് വേണ്ടി ക്രിസ്റ്റ്യൻ പോർച്ചുഗീസ് (പോർട്ടു) ഇരട്ടഗോൾ നേടി. അന്തോണി ലൊസാനോയുടെ വകയായിരുന്നു മൂന്നാം ഗോൾ.

ആളും ആരവവുമില്ലാതെയാണ് കൊച്ചിയിൽ സൂപ്പർ പോരാട്ടത്തിന് തുടക്കമായത്. നാലാം പകുതിയിൽ മത്സരത്തിലെ ആദ്യ മുന്നേറ്റം. പന്തുമായി ജിറോണാ ബോക്സിനടുത്തേക്ക് കുതിച്ച മെൽബൺ സിറ്റിയുടെ സ്കോട്ടിഷ് താരം മൈക്കൽ ഹാലറോൺ മികച്ചൊരു പാസ്സും നൽകി. എന്നാൽ അത് മുതലെടുക്കാൻ മെൽബൺ മുന്നേറ്റനിരക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ ജിറോണ നടത്തിയ മുന്നേറ്റവും ലക്ഷ്യം കാണാതെ പറന്നു. പതുക്കെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ജിറോണ ഇടക്കിടെ മെൽബൺ പ്രതിരോധത്തെ പരീക്ഷിച്ച് കൊണ്ടിരുന്നു.

തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. മത്സരത്തിൻ്റെ 9ാം മിനുട്ടിൽ പോർട്ടുവാണ് ജിറോണയെ മുന്നിലെത്തിച്ചത്. മെൽബൺ സിറ്റി ബോക്സിന് വെളിയിൽ നിന്ന് പ്രതിരോധതാരത്തെ വെട്ടിച്ച് മധ്യനിരതാരം പെരെ പോൺസ് നൽകിയ പാസ്സ് മുതലാക്കി പോർട്ടു മെൽബൺ വലയിൽ മത്സരത്തിലെ ആദ്യ ഗോൾ നിക്ഷേപിച്ചു. ആദ്യ ഗോളിൻ്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വീണ്ടും ജിറോണാ മുന്നേറ്റം. ക്യാപ്റ്റൻ അലക്സ് സെറാനോ നൽകിയ മികച്ചൊരു പാസ്സ് പോർട്ടു മെൽബൺ വലയിലാക്കിയതോടെ ആരാധകർ ആവേശത്തിലായി.

24ാം മിനുട്ടിൽ മത്സരത്തിലെ മൂന്നാം ഗോൾ. ബോക്സിൻ്റെ ഇടതുഭാഗത്ത് നിന്ന് ലക്ഷ്യം തെറ്റി വന്ന ക്രോസ് പക്ഷേ പുറത്തേക്ക് പോയില്ല. ഓടിയെത്തിയ ജിറോണയുടെ ഹോണ്ടുറാസ് താരം അന്തോണി ലൊസാനോ അനായാസം അത് മെൽബൺ വലയിലേക്ക് തട്ടിയിട്ടു. മൂന്നു ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ മെൽബൺ ചില ശ്രമങ്ങളും നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. 35ാം മിനുട്ടിൽ മുന്നേറ്റതാരം ഡാരിയോ വിഡോസിച്ച് പരുക്കേറ്റ് മടങ്ങിയത് മെൽബണ് കനത്ത തിരിച്ചടിയായി. അന്തോണി കസാറസിനെയാണ്  കോച്ച് വാറൺ ജോയ്സ് പകരക്കാരനായി ഇറക്കിയത്.