SHARE

കേരളാ ബ്ലാസ്റ്റേഴ്സിനെ 6 ഗോളിന് തകർത്തതിന്റെ വമ്പുമായെത്തിയ മെൽബൺ സിറ്റി എഫ് സിയെ ഗോൾ മഴയിൽ മുക്കി സ്പാനിഷ് ടീം ജിറോണ എഫ് സി ടൊയോട്ട യാരിസ് ലാലീഗ വേൾഡിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം കുറിച്ചു. എതിരില്ലാത്ത 6 ഗോളുകൾക്കാണ് ജിറോണ മെൽബണെ മലർത്തിയടിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജിറോണ 3- 0ന് മുന്നിട്ട് നിന്നു. വിജയികൾക്കായി ക്രിസ്റ്റ്യൻ പോർച്ചുഗീസ് (2) , ലൊസാനോ, യുവാൻ പെഡ്രോ, യോൻ മാനി, പെഡ്രോ പോറോ എന്നിവരാണ് ഗോൾ നേടിയത്.

ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ച മെൽബണേയല്ല സ്പാനിഷ് കരുത്തരായ ജിറോണയ്ക്കെതിരെ കൊച്ചിയിൽ ഇന്ന് കണ്ടത്. എതിരാളികളുടെ ആക്രമണങ്ങൾക്ക് മുന്നിൽ മത്സരത്തിലുടനീളം വിറച്ചുകളിച്ച‌ മെൽബണ് കനത്ത പരാജയമേറ്റുവാങ്ങി ഈ വർഷത്തെ തങ്ങളുടെ ആദ്യ പ്രീസീസൺ ടൂർണമെന്റ് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. നാളെ നടക്കുന്ന ടൂർണമെന്റിലെ അവസാന മത്സരത്തിൽ ജിറോണ എഫ്സി ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും.

ആദ്യ പകുതി

ആളും ആരവവുമില്ലാതെയാണ് കൊച്ചിയിൽ സൂപ്പർ പോരാട്ടത്തിന് തുടക്കമായത്. നാലാം പകുതിയിൽ മത്സരത്തിലെ ആദ്യ മുന്നേറ്റം. പന്തുമായി ജിറോണാ ബോക്സിനടുത്തേക്ക് കുതിച്ച മെൽബൺ സിറ്റിയുടെ സ്കോട്ടിഷ് താരം മൈക്കൽ ഹാലറോൺ മികച്ചൊരു പാസ്സും നൽകി. എന്നാൽ അത് മുതലെടുക്കാൻ മെൽബൺ മുന്നേറ്റനിരക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ ജിറോണ നടത്തിയ മുന്നേറ്റവും ലക്ഷ്യം കാണാതെ പറന്നു. പതുക്കെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ജിറോണ ഇടക്കിടെ മെൽബൺ പ്രതിരോധത്തെ പരീക്ഷിച്ച് കൊണ്ടിരുന്നു.

തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. മത്സരത്തിൻ്റെ 9ാം മിനുട്ടിൽ പോർട്ടുവാണ് ജിറോണയെ മുന്നിലെത്തിച്ചത്. മെൽബൺ സിറ്റി ബോക്സിന് വെളിയിൽ നിന്ന് പ്രതിരോധതാരത്തെ വെട്ടിച്ച് മധ്യനിരതാരം പെരെ പോൺസ് നൽകിയ പാസ്സ് മുതലാക്കി പോർട്ടു മെൽബൺ വലയിൽ മത്സരത്തിലെ ആദ്യ ഗോൾ നിക്ഷേപിച്ചു. ആദ്യ ഗോളിൻ്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വീണ്ടും ജിറോണാ മുന്നേറ്റം. ക്യാപ്റ്റൻ അലക്സ് സെറാനോ നൽകിയ മികച്ചൊരു പാസ്സ് പോർട്ടു മെൽബൺ വലയിലാക്കിയതോടെ ആരാധകർ ആവേശത്തിലായി.

24ാം മിനുട്ടിൽ മത്സരത്തിലെ മൂന്നാം ഗോൾ. ബോക്സിൻ്റെ ഇടതുഭാഗത്ത് നിന്ന് ലക്ഷ്യം തെറ്റി വന്ന ക്രോസ് പക്ഷേ പുറത്തേക്ക് പോയില്ല. ഓടിയെത്തിയ ജിറോണയുടെ ഹോണ്ടുറാസ് താരം അന്തോണി ലൊസാനോ അനായാസം അത് മെൽബൺ വലയിലേക്ക് തട്ടിയിട്ടു. മൂന്നു ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ മെൽബൺ ചില ശ്രമങ്ങളും നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല. 35ാം മിനുട്ടിൽ മുന്നേറ്റതാരം ഡാരിയോ വിഡോസിച്ച് പരുക്കേറ്റ് മടങ്ങിയത് മെൽബണ് കനത്ത തിരിച്ചടിയായി. അന്തോണി കസാറസിനെയാണ് കോച്ച് വാറൺ ജോയ്സ് പകരക്കാരനായി ഇറക്കിയത്.

രണ്ടാം പകുതി

ആദ്യ പകുതിയുടെ തുടർച്ചയായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തിലും കണ്ടത്. മെൽബൺ ബോക്സിലേക്ക് തുടർച്ചയായി ജിറോണ താരങ്ങൾ ഇടിച്ചുകയറാൻ തുടങ്ങിയതോടെ മെൽബൺ പ്രതിരോധം വിയർത്തു. ജിറോണ താരങ്ങളുടെ രണ്ട് ഷോട്ടുകളാണ് ഗോൾ പോസ്റ്റിനെ തൊട്ടു തൊട്ടില്ലെന്ന രീതിയിൽ പുറത്തേക്ക് പോയത്. അൻപത്തിയൊന്നാം മിനുറ്റിൽ ജിറോണയുടെ നാലാം ഗോൾ പിറന്നു. ഗാർസിയ സെറാനൊ എടുത്ത കോർണർ കൃത്യമായി വലയിലേക്ക് ഹെഡ് ചെയ്ത യുവാൻ പെഡ്രോയാണ് സ്പാനിഷ് ടീമിന്റെ ലീഡ് വർധിപ്പിച്ചത്. അറുപത്തിയെട്ടാം മിനുറ്റിൽ അഞ്ചാം ഗോൾ വന്നു. ഇത്തവണ മെൽബൺഗോൾകീപ്പറുടേയും, പ്രതിരോധത്തി‌ന്റെയും പിഴവായിരുന്നു എതിരാളികളുടെ ഗോളിലേക്ക് നയിച്ചത്. കോംഗോ അണ്ടർ 23 ടീമിന്റെ താരമായിരുന്ന യോൻ മാനിയാണ് ഗോൾ നേടിയത്.

അഞ്ച് ഗോളിന് പിന്നിലായതോടെ മത്സരത്തിൽ കൂടുതൽ ഗോളുകൾ വഴങ്ങി വൻ നാണക്കേടിലേക്ക് വീഴാതിരിക്കാനായിരുന്നു മെൽബൺ ശ്രമിച്ചത്. അത് കൊണ്ട് തന്നെ ഒരു ആശ്വാസ ഗോളെന്ന ലക്ഷ്യം അവരിൽ നിന്നകന്ന് നിന്നു. ഇതിനിടയിൽ മത്സരത്തിന്റെ തൊണ്ണൂറാം മിനുറ്റിൽ യോൻ മാനിയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ വല കുലുക്കി പതിനെട്ടുവയസുകാരൻ പെഡ്രോ പോറോ ജിറോണയുടെ ആറാം ഗോളും കണ്ടെത്തിയതോടെ മെൽബൺ തലതാഴ്ത്തി മത്സരത്തിൽ നിന്ന് മടങ്ങുകയായിരുന്നു.