ഐ-ലീഗിൽ കിരീടം നിലനിർത്തി കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള ചരിത്രമെഴുതി. ഇന്നലെ നടന്ന ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അവസാന ലീഗ് പോരാട്ടത്തിൽ മൊഹമ്മദനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഗോകുലം കിരീടമുയർത്തിയത്. കഴിഞ്ഞ സീസണിലും അവസാനമത്സരദിനമാണ് ഗോകുലം കിരീടമുറപ്പിച്ചത്.
ഇന്നലെ മൊഹമ്മദെനെതിരെ കളത്തിലിറങ്ങുമ്പോൾ സമനില മതിയായിരുന്നു ഗോകുലത്തിന് കിരീടമുറപ്പിക്കാൻ. എന്നാൽ കൊൽക്കത്തയിൽ മൊഹമ്മദെൻ ആരാധകരുടെ മുന്നിൽ തന്നെ ആവേശജയം നേടിയാണ് വിൻസെൻസോ ആൽബെർട്ടോ അന്നെസെ പരിശീലിപ്പിക്കുന്ന ഗോകുലം കിരീടം വീണ്ടും കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
കിരീടനേട്ടത്തിന് പിന്നാലെ രണ്ട് വ്യക്തിഗത പുരസ്കാരങ്ങളും ഗോകുലത്തിന്റെ സ്വന്തമായി. മികച്ച പ്രതിരോധതാരത്തിനുള്ള പുരസ്കാരം ഗോകുലത്തിന്റെ കോമറൂൺ സെന്റർബാക്കായ അമിനോ ബൗബ നേടി. മികച്ച മധ്യനിരതാരത്തിനുള്ള പുരസ്കാരം ഗോകുലത്തിന്റെ മലയാളി മിഡ്ഫീൽഡർ ജിതിൻ എംഎസും സ്വന്തമാക്കി.
15 ഗോൾ നേടിയ മൊഹമ്മദെന്റ് ട്രിനിഡാഡ് താരം മാർക്കസ് ജോസഫാണ് മികച്ച ഫോർവേഡ്. ലീഗ് ടോപ് സ്കോറർ, ഐ-ലീഗ് ഹീറോ എന്നീ പുരസ്കാരങ്ങളും ഈ മുൻ ഗോകുലം താരത്തിനാണ്. മികച്ച ഗോൾക്കീപ്പറിനുള്ള പുരസ്കാരം ഐ-ലീഗ് പുതുമുഖങ്ങളായ രാജസ്ഥാൻ യുണൈറ്റഡിന്റെ കാവൽക്കാരൻ ഭാസ്കർ റോയിക്കാണ്. എമർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടത് നെറോക്കയുടെ ജിതേശ്വർ സിങ്ങാണ്.