ജർമനിയിലെ ബുന്ദസ്ലിഗയിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ കരുത്തരായ ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഷിന് അപ്രതീക്ഷിത തോൽവി. പോയിന്റ് നിലയിൽ പിന്നലുള്ള എസ്.സി.ഫ്രെയ്ബെർഗാണ് നാലാം സ്ഥാനക്കാരായ ഗ്ലാഡ്ബാഷിനെ വീഴ്ത്തിയത്. ഇതോടെ ഗ്ലാഡ്ബാഷിന്റ് ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്കും തിരിച്ചടിയേറ്റു.
ഫ്രെയ്ബെർഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയർ വിജയം നേടിയത്. 59-ാം മിനിറ്റിൽ ജർമൻ മുന്നേറ്റതാരം നിൽസ് പീറ്റേഴ്സനാണ് ഫ്രെയ്ബെർഗിനായി വിജയഗോൾ നേടിയത്.. ഇറ്റാലിയൻ വിങ്ങറായ വിൻസെൻസോ ഗ്രിഫോ ഗോളിന് വഴിയൊരുക്കി. ഗോൾ വഴങ്ങി അധികം വൈകാതെ സൂപ്പർതാരം അലെസാന്ദ്ര പ്ലിയ ചുവപ്പുകാർഡ് കണ്ട് പുറത്തായതും ഗ്ലാഡ്ബാഷിന് തിരിച്ചടിയായി.
തോൽവി നേരിട്ടതോടെ പോയിന്റ് നിലയിൽ മുന്നേറാനുള്ള അവസരം ഗ്ലാഡ്ബാഷിന് നഷ്ടമായി. 30 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായാണ് ഗ്ലാഡ്ബാഷ് നാലാമതുള്ളത്. തൊട്ടുപിന്നിലുള്ള ബയേർ ലെവർക്യൂസനും അത്ര തന്നെ പോയിന്റാണുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണിച്ചിനെ തോൽപ്പിക്കുകയോ സമനിലയിലാക്കുകയോ ചെയ്താൽ ലെവർക്യൂസന് മുന്നേറാം.