SHARE

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ രോഹിത് ശർമ്മ തങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹത്തെ കരുതിയിരിക്കേണ്ടതുണ്ടെന്നും ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെൽ. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ വെബ്സൈറ്റായ ഡയറക്ട് ഹിറ്റിന് നൽകിയ അഭിമുഖത്തിൽ രോഹിത് ശർമ്മയെ വാനോളം പുകഴ്ത്തിയ മാക്സ്‌വെൽ, ഏരിയൽ ഷോട്ടുകൾ കളിക്കുന്നതിലുള്ള മികവാണ് രോഹിതിനെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാക്കുന്നതെന്നും കൂട്ടിച്ചേർത്തു.

രോഹിത് ബാറ്റ് ചെയ്യുന്നത് വളരെ അനായാസമാണെന്നും, മറ്റ് താരങ്ങളേക്കാൾ മികച്ച ടൈമിംഗ് അദ്ദേഹത്തിനുണ്ടെന്നും വ്യക്തമാക്കിയ മാക്സ്‌വെൽ, അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണാൻ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും പറയുന്നു‌. പേസിനേയും സ്പിന്നിനേയും ഒരു പോലെ നേരിടാൻ കഴിവുള്ള രോഹിതിന് തനിക്ക് വേണ്ടപ്പോളൊക്കെ പന്തിനെ പറത്താനുള്ള കരുത്തുണ്ട്. നിശ്ചിത ഓവർ മത്സരങ്ങളിൽ മൂന്ന് ഇരട്ട സെഞ്ചുറികൾ നേടുകയെന്നത് ചെറിയ നേട്ടമല്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം.” മാക്സ്‌വെൽ പറഞ്ഞുനിർത്തി.