SHARE

ഓസ്ട്രേലിയൻ സൂപ്പർ താരങ്ങളായ ആരോൺ ഫിഞ്ചും ഗ്ലെൻ മാക്സ്‌വെല്ലും അടുത്ത സീസൺ ഐപിഎല്ലിനുണ്ടാവില്ല. ലോകകപ്പും, തുടർന്ന് നടക്കാനിരിക്കുന്ന ആഷസ് പരമ്പരയും മുൻ നിർത്തി അടുത്ത ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഈ വർഷത്തെ ഐപിഎൽ ലേലത്തിലും ഇരുവരും തങ്ങളുടെ പേരുകൾ രെജിസ്റ്റർ ചെയ്തില്ല.

ആരാധകർക്ക് കനത്ത നിരാശ സമ്മാനിക്കുന്നതാണ് ഓസീസ് സൂപ്പർ താരങ്ങളുടെ ഈ തീരുമാനം. ടി20 യിലെ സൂപ്പർ താരങ്ങളായ ഇരുവരുമില്ലാത്തത് ടൂർണമെന്റിന്റെ താരപ്പകിട്ട് കുറയ്ക്കും. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്നു ഫിഞ്ച്. മാക്സ്‌വെല്ലാകട്ടെ ഡെൽഹി ജേഴ്സിയിലാണ് പോയ സീസണിൽ കളിച്ചത്. ലേലത്തിന് മുന്നേ ഇരു ടീമുകളും ഇവരെ ടീമിൽ നിന്ന് ഒഴിവാക്കിയതിനാൽ ഈ വർഷത്തെ താരലേലത്തിൽ ഇരുവരും ശ്രദ്ധേയ താരങ്ങളാകുമെന്ന് നേരത്തെ ആരാധകർ കരുതിയിരുന്നു.