SHARE

ഈ മാസാവസാനം ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ താരമാകുമെന്ന് കരുതപ്പെടുന്ന കളികാരിലൊരാളാണ്‌ ഇന്ത്യയുടെ കെ എൽ രാഹുൽ. ഇത്തവണത്തെ ഐപിഎല്ലിൽ മിന്നും പ്രകടനം പുറത്തെടുത്ത്, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയതിന്റെ മികവുമായാണ് രാഹുൽ ഓസ്ട്രേലിയയിൽ കളിക്കാനെത്തിയിരിക്കുന്നത്.

മികച്ച ഫോമിലുള്ള രാഹുലിനെതിരെ എങ്ങനെ പന്തെറിയണമെന്നും, അദ്ദേഹത്തെ പുറത്താക്കാൻ എന്താണ് ചെയ്യേണ്ടതെന്നും കഴിഞ്ഞ ദിവസം നടത്തിയ ടീം മീറ്റിംഗിനിടെ ഓസ്ട്രേലിയൻ താരങ്ങൾ ഗ്ലെൻ മാക്സ്‌വെല്ലിനോട് ചോദിച്ചു. ഐപിഎല്ലിൽ ഇരു താരങ്ങളും കിംഗ്സ് ഇലവൻ പഞ്ചാബിൽ കളിക്കുന്നത് കൊണ്ടായിരുന്നു മാക്സ്‌വെല്ലിനോട്, രാഹുലിനെ പുറത്താക്കാനുള്ള മാർഗ്ഗം സഹതാരങ്ങൾ ആരാഞ്ഞത്. എന്നാൽ രാഹുലിന്റെ വിക്കറ്റ് നേടുകയെന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് അഭിപ്രായപ്പെട്ട മാക്സ്‌വെൽ, റണ്ണൗട്ടാക്കുക എന്നതാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള ഏക വഴി എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.

അതേ സമയം ഈ മാസം 27 നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. ഏകദിന മത്സരത്തോടെ തുടങ്ങുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്.