കഴിഞ്ഞ മൂന്ന് സീസണുകളായി ഗോളടിച്ചുകൂട്ടിയിരുന്ന സ്പാനിഷ് താരം കോറോ ഇനി ഗോവയ്ക്കൊപ്പമുണ്ടാകില്ലെന്ന് ഉറപ്പായി. മറ്റൊരു സ്പാനിഷ് താരമായ ഇഗോർ ആംഗുലോയുടെ വരവാണ് ഐ.എസ്.എൽ ടോപ് സ്കോറർ കൂടിയായ കോറോയ്ക്ക് പുറത്തേക്ക് വഴിതെളിച്ചത്. എന്നാൽ കോറയുടെ അഭാവം ഗോവ ആരാധകർക്ക് പ്രശ്നമാകില്ലെന്ന് ഉറപ്പുനൽകുകയാണ് ആംഗുലോ
ഗോവയിൽ ഇപ്പോൾ തന്നെ ഒരു ഇതിഹാസമാണ് കോറോ, എന്നാൽ ഇത്രയേറെ ഗോളുകൾ കോറോ അടിച്ചുകൂട്ടിയത് മികച്ചൊരു ടീമിന്റ കൂടി പിൻബലത്തിലാണ്, അതിനാൽ തന്നെ ഇരുകൂട്ടരും പരസ്പരം നന്ദിയുള്ളവരാണ്, വരുന്ന സീസണിൽ കോറോ ഗോവയിലുണ്ടാകില്ല, അതിനാൽ തന്നെ അങ്ങനെയൊരു ഭാവിയാണ് ക്ലബ് മുന്നിൽ കാണുന്നത്, ഗോവയ്ക്ക് ഇപ്പോഴും മികച്ചൊരു ടീമുണ്ട്, അതുകൊണ്ടുതന്നെ കോറോയുടെ അഭാവം പ്രശ്നമാകില്ലെന്ന് എനിക്കുറപ്പാണ്, ആംഗുലോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഒപ്പമുണ്ടായിരുന്ന ഒട്ടേറ താരങ്ങൾ ഇക്കുറി ഗോവയിലില്ല. എന്നാൽ ഇതും ആംഗുലോയെ ആശങ്കപ്പെടുത്തുന്നില്ല. ഇക്കുറി ഒട്ടേറെ പുതിയ താരങ്ങളാണ് ക്ലബിലെത്തുക, ഇത് ലോകത്തിൽ എല്ലാ ക്ലബിലും നടക്കുന്ന കാര്യമാണ്, ഐ.എസ്.എൽ പ്ലേ ഓഫിലെത്തിനും ചാമ്പ്യൻസ് ലീഗിൽ കളിക്കാനും മികവുള്ള സ്ക്വാഡ് ഗോവയ്ക്കുണ്ട്, ആംഗുലോ വ്യക്തമാക്കി.