SHARE

ഐ.എസ്.എൽ സൂപ്പർ ക്ലബ് എഫ്.സി.​ഗോവ തങ്ങളുടെ ടീമിലെ വിദേശ താരങ്ങളുടെ ക്വോട്ട പൂർത്തിയാക്കി. ഓസ്ട്രേലിയൻ പ്രതിരോധതാരം ജെയിംസ് ഡോണാഷിയെ ടീമിലെത്തിച്ചതോടെയാണിത്. ഒരു വർഷത്തെ കരാറിലാണ് ഈ സെന്റർ ബാക്കിന്റെ വരവ്.

കഴിഞ്ഞ സീസൺ ​ഗോവയുടെ കുതിപ്പിൽ നിർണായകമായിരുന്ന സെന​ഗലീസ് പ്രതിരോധതാരം മോർത്താദ ഫാൾ ഇക്കുറി ക്ലബ് വിട്ടു. ഉയരക്കാരനായ ഫാളിന് പറ്റിയ പകരക്കാരനെ തേടിയുള്ള അന്വേഷണമാണ് ഡോണാഷിയിലെത്തിയത്. ഫാളിനേക്കാൾ ഉയരമുള്ള താരമാണ് ഡോണാഷി. നേരത്തെ ഇറാൻ പ്രതിരോധതാരങ്ങളായ റൂസ്ബെ ചെസ്മി, ഹാദി മുഹമ്മദ് എന്നിവരുമായാണ് ​ഗോവ ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ ഉയർന്ന പ്രതിഫലം നൽകേണ്ടവരുമെന്നത് ഈ നീക്കങ്ങളിൽ നിന്ന് പിന്മാറാൻ ​ഗോവയെ പ്രേരിപ്പിച്ചു.

27-കാരനായ ഡോണാഷി ഒസ്ട്രേലിയയിലെ പ്രധാന ക്ലബുകളായ ബ്രിസ്ബേൻ റോർസ്, മെൽബൺ വിക്ടറി, ന്യൂകാസിൽ ജെറ്റ്സ് തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. ജെറ്റ്സിൽ നിന്നാണിപ്പോൾ താരത്തിന്റെ ​ഗോവയിലേക്കുള്ള വരവ്. അഞ്ച് സീസണുകളിൽ ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗ് കളിച്ചതിന്റെ പരിചയസമ്പത്തും ഡോണാഷിക്കുണ്ട്.