SHARE

നിലവിൽ ലീഗിലെ രണ്ടാംസ്ഥാനക്കാരെന്ന ഖ്യാതിയുമായി ജംഷദ്പൂരിലെത്തിയ എഫ് സി ഗോവയ്ക്ക് രക്ഷയില്ല. സ്വന്തംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജംഷദ്പൂർ തങ്ങളുടെ കരുത്ത് തെളിയിച്ചപ്പോൾഗോവ നേരിട്ടത് കനത്ത പരാജയം. ഒന്നിനെതിരെ നാല്‌ഗോളുകൾക്ക് ഗോവയെ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ജംഷദ്പൂരിന് കഴിഞ്ഞു. മൈക്കൽ സൂസൈരാജിന്റെ ഇരട്ട ഗോളുകൾക്ക് പുറമേ, മെമോ, സുമീത് പാസി എന്നിവരുടെ ഗോളും ആതിഥേയർക്ക് കരുത്തായപ്പോൾ, മൊർട്ടാഡ ഫാളാണ് ഗോവയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

മത്സരത്തിന്റെ പതിനേഴാം മിനുറ്റിൽ സൂസൈരാജിലൂടെ ജംഷദ്പൂരാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മുപ്പത്തിമൂന്നാം മിനുറ്റിൽ മൊർട്ടഡ ഫാളിന്റെ തകർപ്പൻ ഗോളിലൂടെ ഗോവ സ്കോർ ഒപ്പംപിടിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിലയിലായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുറ്റുകൾക്കുള്ളിൽ ജംഷദ്പൂർ തങ്ങളുടെ രണ്ടാം ഗോൾസ്കോർ ചെയ്തു.‌ സൂസൈരാജായിരുന്നു ഇത്തവണയും വല കുലുക്കിയത്. മത്സരത്തിൽ ജംഷദ്പൂർ ലീഡ് നേടി മുന്നേറവെയാണ് അടുത്തടുത്ത മിനുറ്റുകളിൽ രണ്ട് ഗോളുകൾ അടിച്ച് ജംഷദ്പൂർ മത്സരത്തിൽ പൂർണ ആധിപത്യം നേടുന്നത്. എഴുപത്തിയേഴാം മിനുറ്റിൽ മെമോയും, എഴുപത്തിയെട്ടാം മിനുറ്റിൽ സുമീത് പാസിയുമായിരുന്നു‌ഗോവൻ ഗോൾവല കുലുക്കിയത്. മൂന്ന് ഗോളിന് പിന്നിലായതോടെ മത്സരത്തിൽ തിരിച്ചു വരാമെന്ന ഗോവൻ പ്രതീക്ഷകൾ അകന്നു. ഗോൾവ്യത്യാസം കുറയ്ക്കാനുള്ള എല്ലാവിധ ശ്രമങ്ങളും ഗോവൻ സംഘം പിന്നീട് നടത്തിയെങ്കിലും ഉലയാതെ പിടിച്ചുനിന്ന ജംഷദ്പൂർ പ്രതിരോധം പക്ഷേ അതിന് വിലങ്ങ് തടിയാവുകയായിരുന്നു.