ഐഎസ്എല്‍ സീസണ് അഞ്ചില്‍ ആദ്യ സമനില. ഗുവഹാത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ അടിയും തിരിച്ചടിയും കണ്ട പോരാട്ടത്തില്‍ എഫ്സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും രണ്ടു ഗോള്‍ വീതം നേടിയാണ് സമത്തില് പിരിഞ്ഞത്. ഫെഡറിക്കോ ഗല്ലേഗോ (8), ലോമിയോ ഒബേച്ചെ (53) എന്നിവരാണ് ആതിഥേയര്‍ക്കായി വലകുലുക്കിയത്. ഗോവയുടെ രണ്ടുഗോളും കോറോയുടെ (14, 38) വകയാണ്.
മലയാളി ഗോളി ടി.പി. രഹനേഷില് വീണ്ടും വിശ്വാസം അര്‍പ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ പന്തു തട്ടാനിറങ്ങിയത്. 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ ആതിഥേയര്‍ക്കെതിരേ ഗോളടിവീരന് കോറോയെ മുന്നില്‍ നിര്‍ത്തിയാണ് ഗോവ ഇറങ്ങിയത്. കളി തുടങ്ങി എട്ടാംമിനിറ്റില്‍ തന്നെ ഫെഡറിക്കോ ഗല്ലേഗോയുടെ ഗോളിലൂടെ വടക്കുകിഴക്കര്‍ മുന്നിലെത്തി. ആക്രമിച്ച് കളിച്ച ഗോവയും വിട്ടുകൊടുത്തില്ല. പതിനാലാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം ജാക്കിചാന്ദ് സിംഗിന്റെ പാസില്‍ കോറോയുടെ മനോഹര ഗോള്‍.
മനോഹര നിമിഷങ്ങളിലൂടെ കളി മുന്നോട്ടു പോകവെ ചില നിമിഷങ്ങള്‍ പരുക്കന്‍ അടവുകളും കാണപ്പെട്ടു. ആദ്യ പകുതി ഓരോ ഗോളില്‍ അവസാനിക്കുമെന്ന് കരുതിയ സമയത്താണ് കോറോ രണ്ടാമതും വെടിപൊട്ടിക്കുന്നത്. ഹ്യൂഗോ ബ്യൂമസിന്റെ പാസില്‍ കോറോയുടെ രണ്ടാംഗോള്‍. ഞെട്ടിപ്പോയ നോര്‍ത്ത് ഒരുഗോളിന്റെ കടവുമായാണ് പകുതി അവസാനിപ്പിച്ചത്. എന്നാല്‍ അന്‍പത്തിമൂന്നാം മിനിറ്റില്‍ ബര്‍തലോമിയോ ഒബേച്ചെയിലൂടെ ഒപ്പമെത്തി.