SHARE

ടോപ് ഫോറിലെത്തി ചാമ്പ്യൻസ് ലീ​ഗ് സ്ഥാനമുറപ്പിക്കുക. ഒരു കാലത്തെ യൂറോപ്യൻ ഭീമന്മാരായ എ.സി.മിലാൻ ഇക്കുറി കഠിനാദ്ധ്വാനം ചെയ്യുന്നത് ആ ലക്ഷ്യത്തിലേക്കാണ്. ലീ​ഗിൽ നിലവിൽ നാലാം സ്ഥാനത്തുള്ള മിലാൻ ഇപ്പോൾ വൻ പ്രതീക്ഷയിലാണ്. ആ പ്രതീക്ഷകൾക്ക് തിളക്കം പകരുകയാണ് പോളണ്ട് സ്ട്രൈക്കറായ ക്രിസ്റ്റോഫ് പിയാറ്റെക്ക്

​ഗോൺസാലോ ഹി​ഗ്വെയിൻ ചെൽസിയിലേക്ക് പോയതോടെയാണ് പിയാറ്റെക്ക് മിലാനിലെത്തുന്നത്. സെരി എ ക്ലബ് തന്നെയായ ജെനോവയിൽ നിന്നാണ് പിയാറ്റെക്കിന്റെ മിലാനിലേക്കുള്ള വരവ്. നാപ്പോളിക്കെതിരായ സെരി എ മത്സരത്തിൽ പാട്രിക്ക് കുട്രോണിന് പകരക്കാരനായാണ് പിയാറ്റെക്ക് ഇറങ്ങിയത്. ​ഗോൾരഹിത സമനിലയിൽ കലാശിച്ച ആ മത്സരത്തിൽ പിയാറ്റെക്കിന് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം അതേ നാപ്പോളിക്കെതിരെ നടന്ന കോപ്പാ ഇറ്റാലിയ പോരാട്ടത്തിൽ പിയാറ്റെക്ക് വരവറിയിച്ചു.

ഇരട്ട​ഗോൾ നേടി മിലാന് വിജയം സമ്മാനിച്ച പിയാറ്റെക്കിന് ഏഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് അന്നാരാധകർ ആദരിച്ചത്. പിന്നാലെ കഴിഞ്ഞയാഴ്ച റോമക്കെതിരെ സമനിലയായ മത്സരത്തിൽ മിലാന് വേണ്ടി വലകുലുക്കിയത് പിയാറ്റെക്കായിരുന്നു. ഇന്നലെ കാ​ഗ്ലിയാരിക്കെതിരെ മിലാൻ എതിരില്ലാത്ത മൂന്ന് ​ഗോളിന് ജയിച്ചപ്പോഴും പിയാറ്റെക്കിന്റെ ​ഗോളുണ്ടായിരുന്നു

മിലാനായി നാല് മത്സരങ്ങളാണ് പിയാറ്റെക്ക് ഇതുവരെ കളിച്ചത്. ഇതിൽ നിന്ന് നാല് ​ഗോളുകൾ പിയാറ്റെക്ക് നേടി. അതും മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിലും ഒന്നിൽ പകരക്കാരനുമായാണ് പിയാറ്റെക്ക് കളിച്ചത്. താരത്തിന്റെ ഈ ​ഗോൾവേട്ടയിലാണിപ്പോൾ മിലാൻ ആരാധകരുടെ പ്രതീക്ഷ. പിയാറ്റെക്ക് ഈ ഫോം തുടർന്നാൽ പ്രതാപകാലത്തേക്കുള്ള മിലാന്റെ തിരിച്ചുവരവ് അകലെയല്ലെന്നാണ് വിലയിരുത്തൽ