SHARE

ജർമനിയിൽ എന്നും ആഘോഷിക്കപ്പെടുന്നതാണ് ​ഗോൾകീപ്പർമാർ തമ്മിലുള്ള പോര്. അടുത്തിടെ മാനുവൽ ന്യൂയറും മാർക്ക് ആന്ദ്രേ ടെർ സ്റ്റീ​ഗനും തമ്മിലുള്ള പോരാണ് കുപ്രസിദ്ധി നേടിയത്. ഇതിന് ഒരു കണിക്കിന് പരിഹാരം കണ്ടതിന് പിന്നാലെ പുതിയ ​ഗോളിപ്പോരിന് തുടക്കമായി.

ഇക്കുറി സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ചിലാണ് ​ഗോളിപ്പോര്. പതിവുപോലെ ഒരു വശത്ത് മാനുവൽ ന്യൂയർ തന്നെയാണ്. മറുവശത്ത് ഷാൽക്കെയുടെ യുവ​ഗോളി അലക്സാണ്ടർ ന്യൂബലും. ന്യൂയറിന്റെ പിൻ​ഗാമിയായി ബയേൺ പരി​ഗണിക്കുന്നത് ന്യൂബലിനെയാണ്. ബയേണിലെ ന്യൂബൽ എത്തുമെന്ന കാര്യം ഏതാണ്ടുറപ്പാണ്. ഷാൽക്കെയുമായി ന്യൂബൽ ഇനി കരാർ പുതുക്കില്ലെന്ന പ്രഖ്യാപിച്ചുകഴിഞ്ഞു.

ഷാൽക്കെയിൽ സ്ഥിരം കളിച്ചിരുന്ന ന്യൂബൽ ബയേണിലെത്തുമ്പോൾ ന്യൂയറിന് കീഴിൽ രണ്ടാം ​ഗോളിയാകും. എന്നാൽ അങ്ങനെ സ്ഥിരം ബഞ്ചിലിരിക്കാൻ ന്യൂബലിന് താൽപര്യമില്ല. ബയേൺ അധികൃതർക്കും ന്യൂബലിന് പകരക്കാരനാക്കുന്നതിനോട് യോജിപ്പില്ല. ഈ സാഹചര്യത്തിൽ ​ഗോൾക്കീപ്പിങ് ചുമതലകൾ ഇരുവരും തമ്മിൽ പങ്കുവയ്ക്കണമെന്ന് നിർദേശം ക്ലബ് അധികൃതർ മുന്നോട്ടുവച്ചെന്നാണ് റിപ്പോർട്ടുകൾ.

സീസണിൽ പത്തോ പതിനഞ്ചോ മത്സരങ്ങൾ ന്യൂയർ മാറിനിന്ന് യുവ​ഗോളിക്ക് അവസരം നൽകണമെന്നാണ് ക്ലബ് അധികൃതരുടെ നിർദേശം. എന്നാൽ ബയേൺ ക്യാപ്റ്റൻ കൂടിയായ ന്യൂയർ ഇതിന് തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ. മാറിനിൽക്കാൻ തയ്യാറല്ലെന്ന കാര്യം ന്യൂയർ ക്ലബ് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.

നേരത്തെ ദേശീയ ടീമിൽ പകരക്കാരനാകുന്നതിൽ ബാഴ്സ സൂപ്പർ ​ഗോളി ടെർ സ്റ്റീ​ഗൻ അതൃപ്തി പരസ്യമാക്കിയത് വലിയ വിവാദമായിരുന്നു. ഇതിൽ ന്യൂയറിന് പക്ഷം പിടിച്ച് ബയേൺ ക്ലബ് തന്നെ രം​ഗത്തെത്തിയിരുന്നു.