SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗ് സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ​ഗോൾ ഡോട്ട് കോം. സൂപ്പർതാരങ്ങളായ ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഉൾപ്പെട്ടാത്ത ടീമിൽ ഇക്കുറി ജേതാക്കളായ ബയേൺ മ്യൂണിച്ചിന്റെ ആധപത്യമാണ്. എട്ട് ബയേൺ താരങ്ങളാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.

ബയേണിന്റെ മാനുവൽ ന്യൂയറാണ് ​ഗോൾ തിരഞ്ഞെടുത്ത ​ഗോളി. പ്രതിരോധനിരയിൽ റൈറ്റ് ബാക്കായി ജോഷ്വാ കിമ്മിച്ചും, ലെഫ്റ്റ് ബാക്കായി അൽഫോൻസോ ഡേവിസും ഒരു സെന്റർ ബാക്കായി ഡേവിഡ് അലബയും തിരഞ്ഞെടുക്കപ്പെട്ടു. മൂവരും ബയേൺ താരങ്ങൾ. ശേഷിച്ച ഒരു സെന്റർ ബാക്ക് പൊസിഷനിലേക്ക് റെഡ്ബുൾ ലെയ്പ്സി​ഗിന്റെ ഡയോറ്റ് ഉപമെക്കാനോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ബയേണിന്റെ തന്നെ തിയാ​ഗോ അൽകാൻട്രയും തോമസ് മുള്ളറുമാണ് ​ഗോൾ തരിഞ്ഞെടുത്ത സെൻട്രൽ മിഡ്ഫീൽർമാർ. റൈറ്റ് വിങ്ങിലേക്ക് ബയേണിന്റെ സെർജി ​ഗ്നാബ്രിയേയും ലെഫ്റ്റ് വിങ്ങിലേക്ക് പി.എസ്.ജിയുടെ നെയ്മറേയുമാണ് ഉൾപ്പെടുത്തിയത്. രണ്ട് സ്ട്രൈക്കർമാരായി ബയേണിന്റെ റോബർട്ട് ലെവൻഡോവ്സ്കിയും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിങ് ഹലാൻഡുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ചാമ്പ്യൻസ് ലീ​ഗിൽ ​ഗ്രൂപ്പ് ഘട്ടമടക്കം എല്ലാ മത്സരങ്ങളിലും വിജയിച്ചതിനാലാണ് ടീ ഓഫ് ദ ഇയറിൽ ഇത്രയേറെ ബയേൺ താരങ്ങൾ ഉൾപ്പെട്ടതെന്നാണ് ​ഗോൾ പറയുന്നത്. അതേസമയം തന്നെ ഫൈനലിലെത്തിയ പി.എസ്.ജിയിൽ നിന്ന് നെയ്മറിനൊപ്പം ഒരാൾ കൂടിയെങ്കിലും മികച്ച ഇലവനിൽ ഇടം നേടേണ്ടിയിരുന്നു എന്നു വാദിക്കുന്നവർ ഏറെയുണ്ട്.