SHARE

ലോക ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ സ്റ്റാറെന്നാണ് ബ്രസീലിയന്‍ കൗമാര താരം വിന്‍ഷ്യസ് ജൂണിയറിനെ വിശേഷിപ്പിക്കുന്നത്. റയല്‍ മാഡ്രിഡുമായി കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പിട്ട വിന്‍ഷ്യസിന് ഈ വര്‍ഷം ജൂലൈയില്‍ 18 വയസ് തികയും. ഇതോടെ റയലിന്റെ സീനിയര്‍ ടീമിനായി കളിക്കാം. കഴിഞ്ഞദിവസം ഗാര്‍ഡിയന്‍ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ യുവതാരം മറ്റൊരു കാര്യം പറഞ്ഞതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.

ദൈവം അനുവദിച്ചാല്‍ നെയ്മറും താനും റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് കളിക്കുമെന്നാണ് വിന്‍ഷ്യസ് പറഞ്ഞത്. നെയ്മര്‍ റയലിലേക്ക് വരണമെന്നതാണ് എന്റെ ആഗ്രഹം. അദേഹവുമൊത്ത് ക്ലബിനായി കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. അടുത്തു തന്നെ അതു നടക്കുമെന്ന് പ്രതീക്ഷിക്കുന്നു- വിന്‍ഷ്യസ് കൂട്ടിച്ചേര്‍ത്തു.

നെയ്മര്‍ കഴിഞ്ഞാല്‍ ബ്രസീലില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ ഒരാളാണ് വിന്‍ഷ്യസ്. കഴിഞ്ഞദിവസം നെയ്മറെ അദേഹത്തിന്റെ വീട്ടിലെത്തി യുവതാരം കണ്ടിരുന്നു. എന്തായാലും വിന്‍ഷ്യസിന്റെ വാക്കുകള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പിഎസ്ജിയില്‍ നിന്ന് നെയ്മര്‍ റയലില്‍ എത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.