SHARE

ഒമ്പത് വർഷം നീണ്ട സേവനത്തിന് ശേഷം സൂപ്പർ താരം ഡീ​ഗോ ​ഗോഡിൻ സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡ് വിടുന്നു. ഈ സീസണവസാനത്തോടെ ക്ലബ് വിടുമെന്ന് ​ഗോഡിൻ തന്നെയാണ് പത്രസമ്മേളന്നത്തിൽ അറിയിച്ചത്. പലപ്പോഴും കണ്ണ് നിറഞ്ഞാണ് ​ഗോഡിൻ സംസാരിച്ചത്.

അത്ലെറ്റിക്കോ മഡ്രിഡിൽ ഇത് എന്റെ അവസാന ദിവസങ്ങളാണെന്ന് പറഞ്ഞുകൊണ്ടാണ് ഏറെ നാളായ പരുക്കുന്ന അഭ്യൂഹങ്ങൾ ​ഗോഡിൻ സ്ഥിരീകരിച്ചത്. എന്നാൽ എവിടേക്കാണ് താൻ ഇനി പോകുന്നതെന്ന കാര്യം ​ഗോഡിൻ വെളിപ്പെടുത്തിയില്ല. നിലവിൽ ഉള്ള റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിലേക്കായിരിക്കും ​ഗോഡിന്റെ പോക്ക്. നിലവിൽ അത്ലെറ്റിക്കോ മഡ്രിഡിന്റെ ക്യാപ്റ്റൻ കൂടിയാണ് 33- കാരനായ യുറു​ഗ്വെ സെന്റർ ബാക്ക്

2010-ലാണ് സ്പാനിഷ് ക്ലബ് തന്നെയായ വിയ്യാറയലിൽ നിന്ന് ​ഗോഡിൻ അത്ലെറ്റിക്കോ മഡ്രിഡിലെത്തുന്നത്. തുടർന്ന് 2014-ൽ അത്ലെറ്റിക്കോയ ലാ ലി​ഗ ജേതാക്കളാക്കിയതിൽ ​ഗോഡിൻ പ്രധാന പങ്ക് വഹിച്ചു. ബാഴ്സക്കെതിരായ നിർണായക മത്സരത്തിൽ ​ഗോഡിൻ നേടിയ ​ഗോളോടെയാണ് അന്ന് അത്ലെറ്റിക്കോ കിരീടമുറപ്പിച്ചത്. 2014, 16 വർഷങ്ങളിൽ അത്ലെറ്റിക്കോ മഡ്രിഡിനെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലെത്തിച്ചതിലും ​ഗോഡിന്റെ പ്രകടനം പ്രധാനമായിരുന്നു