SHARE

ഇന്ത്യന്‍ ഫുട്‌ബോളില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഐ എസ് എല്‍ താരം ഗോഡ്‌വിന്‍ ഫ്രാങ്കോ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ് സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഫ്രാങ്കോ. ഇനി ഇന്ത്യയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും 33കാരനായ താരം ട്വിറ്ററില്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട ചില സ്‌ക്രീന്‍ ഷോട്ടുകളും ഫ്രാങ്കോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏജന്റുമാര്‍ അഴിമതി നടത്തുന്നുണ്ടെന്ന പരാതിയുമായി താരങ്ങളുടെ സംഘടനയ്ക്ക് അയച്ച ഇ മെയിലാണ് താരം പുറത്തുവിട്ടിട്ടുള്ളത്. ഇതില്‍ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ഏജന്റുമാര്‍ അഴിമതി നടത്തുകയാണെന്നും മോശം ഫോമിലുള്ള താരങ്ങള്‍ വരെ ഇത്തരത്തില്‍ കരാറിലെത്തുകയാണെന്നും ഫ്രാങ്കോ മെയിലില്‍ വ്യക്തമാക്കുന്നു. അതുവഴി അര്‍ഹരായ താരങ്ങള്‍ക്ക് അവസരം നഷ്ടമാവുന്നുണ്ടെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇതിന് നല്‍കിയ മറുപടിയാണ് ഏറെ വിവാദമാവുന്നത്. അത്തരത്തില്‍ ഏജന്റുമാരുണ്ടെന്ന് താങ്കള്‍ പറയുന്നുണ്ടെങ്കില്‍ അതുവഴി താങ്കള്‍ക്ക് ടീമിലെത്തിക്കൂടെ  എന്നായിരുന്നു ഫ്രാങ്കോയ്ക്ക് സംഘടന നല്‍കിയ മറുപടി. എന്നാല്‍ ഇത്തരം അഴിമതിപ്രവര്‍ത്തനങ്ങളിലൂടെ തനിക്ക് ടീമിലെത്തേണ്ട എന്ന് ഫ്രാങ്കോ തിരിച്ചടിക്കുകയായിരുന്നു. ഇനി ഇന്ത്യയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കില്ലെന്നും താരം ഈ ട്വീറ്റിനടിയില്‍ വ്യക്തമാക്കി.

2014ല്‍ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി ഗോഡ്‌വിന്‍ ഫ്രാങ്കോ നാലു മത്സരങ്ങളാണ് കളിച്ചത്. തൊട്ടടുത്ത സീസണില്‍ ചെന്നൈ എഫ് സിക്കൊപ്പം ചേര്‍ന്ന താരം 6 മത്സരങ്ങള്‍ കളിച്ച് കിരീടം നേടിയ ടീമിന്റെ ഭാഗമായി. 2006ല്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടു അന്താരാഷ്ട്ര മത്സരങ്ങളിലും ഫ്രാങ്കോ കളത്തിലിറങ്ങിയിട്ടുണ്ട്. നിലവിൽ മെക്സിക്കോയിലെ ഒരു പ്രാദേശിക ലീഗിൽ ഫ്രാങ്കോ കളിക്കുന്നതായുള്ള സൂചനയാണ് താരത്തിൻ്റെ ട്വിറ്റർ അക്കൗണ്ടില്‍ നിന്ന് വ്യക്തമാകുന്നത്.