SHARE

ഐ-ലീ​ഗ് പോരാട്ടത്തിൽ കേരളത്തിന്റെ ക്ലബ് ​ഗോകുലം കേരള അവിശ്വസനീയ ജയം സ്വന്തമാക്കി. ലീ​ഗിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്ന പഞ്ചാബ് എഫ്.സിയെ മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ​ഗോകുലം വീഴ്ത്തിയത്. ആദ്യ പകുതിയിൽ രണ്ട് ​ഗോൾ ലീ​ഡ് വഴങ്ങിയശേഷം രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനം നടത്തിയാണ് ​ഗോകുലം വിജയം സ്വന്തമാക്കിയത്.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതിയിൽ പഞ്ചാബിനായിരുന്നു ആധിപത്യം. 18,25 മിനിറ്റുകളിൽ ഭൂട്ടാൻ താരം ചെൻചോ ​ഗ്യൽറ്റ്ഷൻ നേടിയ ​ഗോളുകളുടെ മികവിൽ പഞ്ചാബ് മുന്നിലെത്തി. 26-ാം മിനിറ്റ് ഫിലിപ്പ് അഡ്ജയിലൂടെ ​ഗോകുലം ഒരു ​ഗോൾ മടക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റൂപ്പെർട്ട് നോൻ​ഗ്രുമിലൂടെ പഞ്ചാബ് ഒരു ​ഗോൾ കൂടി നേടി ലീഡുയർത്തി. ഇതോടെ ആദ്യ പകുതിയിൽ തന്നെ സ്കോർ 1-3

വിജയമുറപ്പിച്ച മട്ടിലായിരുന്നു പഞ്ചാബ് രണ്ടാം പകുതിയിലിറങ്ങിയത്. പിന്നാലെ ​ഗോകുലത്തിന് ലഭിച്ച ഒരു പെനാൽറ്റി പഞ്ചാബ് ​ഗോളി തടത്തിടുകയും ചെയ്തു. ഇതോടെ ​ഗോകുലം ആരാധകരുടെ പ്രതീക്ഷകളൊക്കെ ഏതാണ്ട് അവസാനിച്ചു. എന്നാൽ കഥ അവിടെ തുടങ്ങുകയായിരുന്നു.

69-ാം മിറ്റിൽ ഡെന്നി ആന്റ്വി ​ഗോകുലത്തിനായി ഒരു ​ഗോൾ കൂടി മടക്കി. നാല് മിറ്റിന് ശേഷം ആൻ്റ്വിയുടെ രണ്ടാം ​ഗോൾ. ഇതോടെ ​ഗോകുലം പഞ്ചാബിന് ഒപ്പമെത്തി. രണ്ട് മിനിറ്റിന് ശേഷം പഞ്ചാബ് താരം അൻവർ അലിയുടെ സെൽഫ് ​ഗോളിൽ ​ഗോകുലം മുന്നിൽ. ഇതോടെ സീസണിലെ ആദ്യ ജയം അവിശ്വസനീയമായ തരത്തിൽ ​ഗോകുലം സ്വന്തമാക്കി.