SHARE

ഏഎഫ്സി കപ്പിൽ ​ഗോകുലം കേരള നാളെ നിർണായക മത്സരത്തിന് ഇറങ്ങുകയാണ്. ബെം​ഗ്ലാദേശി ടീമായ ബഷുന്ധര കിങ്സാണ് ​ഗോകുലത്തിന്റെ എതിരാളി. ഏഎഫ്സി കപ്പിലെ അരങ്ങേറ്റമത്സരത്തിൽ കരുത്തരായ എടികെ മോഹൻ ബ​ഗാനെ തകർത്തെറിഞ്ഞ ​ഗോകുലം കഴിഞ്ഞ മത്സരത്തിൽ മാസിയയോട് തോറ്റിരുന്നു. അതുകൊണ്ട് തന്നെ നാളെ അവർക്ക് ജയം അത്യാവശ്യമാണ്.

നിർണായക മത്സരത്തിന് തയ്യാറെടുക്കുമ്പോൾ കഴിഞ്ഞ പോരാട്ടങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ​ഗോകുലം സ്വീകരിക്കുന്നത്. ആദ്യ നിമിഷം മുതൽ ആക്രമണം നടത്താനാണ് ​ഗോകുലത്തിന്റെ പദ്ധതി. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ​ഗോകുലം പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നെസെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മത്സരത്തിന്റെ ആദ്യ സെക്കൻഡ് മുതൽ ആക്രമണം നടത്താനും അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുക, ആദ്യ നിമിഷം മുതൽ തന്നെ കൂടുതൽ ഫോർവേഡ് ബോളുകളും കളിക്കാൻ ശ്രമിക്കും, കഴിഞ്ഞ മത്സരങ്ങളിൽ ‍നിന്ന് ‍ഞങ്ങൾക്ക് ഒരുപാട് ഊർജം നഷ്ടമായിട്ടുണ്ട്, അതുകൊണ്ട് തന്നെ നാളത്തെ മത്സരം ജയിക്കാൻ ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും, അന്നെസെ പറഞ്ഞു.