SHARE

ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയുടെ വിജയക്കുതിപ്പിന് തടയിട്ട് ചര്‍ച്ചില്‍ ബ്രദേഴ്‌സ്. ചര്‍ച്ചിലിന്റെ ഹോം മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ലീഗിലെ വമ്പന്‍മാരെ പരാജയപ്പെടുത്തിയ ഗോകുലം തന്നെയാണ് കളിയില്‍ മികച്ച് നിന്നത്. എന്നാല്‍ ഇഞ്ചുറിടൈം ഗോള്‍ ഗോകുലത്തിന്റെ വിജയപ്രതീക്ഷ തകര്‍ക്കുകയായിരുന്നു. 78ാം മിനുട്ടില്‍ ഹെന്റി കിസ്സേക്കയാണ് ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത്.

ഗോകുലത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. രണ്ടാം മിനുട്ടില്‍ തന്നെ വിംഗിലൂടെ ഗോകുലം താരം അര്‍ജുന്‍ ജയരാജ് നടത്തിയ നീക്കം ചര്‍ച്ചില്‍ താരങ്ങളായ ഇസ്രയില്‍ ഗുരുംഗും ഹുസ്സെയ്ന്‍ എല്‍ഡോറും ചേര്‍ന്ന് പ്രതിരോധിച്ചത് ഫൗളില്‍ കലാശിച്ചു. ഗോകുലത്തിന് ഫ്രീ കിക്ക് ലഭിച്ചുവെങ്കിലും അത് മുതലെടുക്കാനായില്ല. 7ാം മിനുട്ടില്‍ മീട്ടേയുടെ പാസ്സില്‍ നിന്ന് ഹെന്റി കിസ്സേയ്ക്ക് ലഭിച്ച അവസരം ചര്‍ച്ചില്‍ ഗോള്‍ കീപ്പര്‍ ജെയിംസ് കിത്താന്‍ തടഞ്ഞുനിര്‍ത്തി.

20ാം മിനുട്ടില്‍ വീണ്ടും ഗോകുലം മുന്നേറ്റം. കിസ്സേക്ക പന്ത് റാഷിദിന് നീട്ടി നല്‍കിയെങ്കിലും ചര്‍ച്ചില്‍ പ്രതിരോധതാരം കോര്‍ണര്‍ വഴങ്ങി അത് രക്ഷപ്പെടുത്തി. മികച്ച മുന്നേറ്റങ്ങളുമായി ഗോകുലവും കൗണ്ടര്‍ അറ്റാക്കുകളുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സും മത്സരത്തില്‍ നിറഞ്ഞു നിന്നുവെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. 47ാം മിനുട്ടില്‍ ഗോകുലം താരം റാഷിദ് കിസ്സേക്കയ്ക്ക് മികച്ചൊരു പാസ്സ് നല്‍കിയെങ്കിലും എതിര്‍ ബോക്‌സിനുള്ളില്‍ പന്ത് കൈക്കലാക്കാന്‍ താരത്തിന് കഴിഞ്ഞില്ല.

58ാം മിനുട്ടില്‍ ഗോകുലത്തിന്റെ അര്‍ജുന്‍ ജയരാജ് മത്സരത്തിലെ ആദ്യമഞ്ഞക്കാര്‍ഡ് ഏറ്റുവാങ്ങി. 60ാം മിനുട്ടില്‍ ചര്‍ച്ചില്‍ താരം ഇസ്രയില്‍ ഗുരുംഗ് തൊടുത്തുവിട്ട ഷോട്ട് ഗോകുലം പോസ്റ്റിനരികിലൂടെ പുറത്തുപോയി. എന്നാല്‍ 72ാം മിനുട്ടില്‍ ഗോകുലത്തിന് ഗോള്‍. കഴിഞ്ഞ മത്സരത്തിലെ ഗോളടിക്കാരന്‍ ഹെന്റി കിസ്സേക്ക തന്നെയാണ് ഗോകുലത്തിന് വേണ്ടി ചര്‍ച്ചില്‍ ഗോള്‍വല കുലുക്കിയത്.

78ാം മിനുട്ടില്‍ ഗോകുലം ലീഡ് വര്‍ധിപ്പിച്ചുവെന്ന് തോന്നിച്ചു. എന്നാല്‍ അര്‍ജുന്‍ ജയരാജ് അടിച്ച ഷോട്ട് ചര്‍ച്ചിലിന്റെ ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. 89ാം മിനുട്ടില്‍ ചര്‍ച്ചില്‍ മുന്നേറ്റം. ബോക്‌സിനുള്ളില്‍ ക്രോസ് ലഭിച്ച ചര്‍ച്ചില്‍ താരം ഹുസ്സെയ്ന്‍ എല്‍ഡോര്‍ പോസ്റ്റിന് ഹെഡ് ചെയ്തുവെങ്കിലും ഗോകുലം ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ പന്ത് കൈക്കലാക്കി. ഒടുവിൽ ഗോകുലം വിജയം ഉറപ്പാക്കിയ നിമിഷത്തില്‍ ചര്‍ച്ചിലിന്റെ മറുപടിയെത്തി. ഇഞ്ചുറി ടൈമില്‍ ഫ്രിന്‍സിസ് ഒച്ചേക്കുവുവാണ് ചര്‍ച്ചിലിന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ കളി സമനിലയില്‍ അവസാനിക്കുകയും ചെയ്തു.