SHARE

ഐ ലീഗില്‍ മികച്ച വിജയം മാത്രമാണ് ഗോകുലം കേരള എഫ്‌സിയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ സുശാന്ത് മാത്യു. കോഴിക്കോട് ഫുട്ബാള്‍ പ്രേമികളുടെ പിന്തുണയില്‍ പന്തുതട്ടുമ്പോള്‍ കളി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഗോളടിച്ച് വിജയം നേടനാണ് മലബാറിലെ കാണികള്‍ക്കിഷ്ടം. കൂടുതല്‍ ഗോള്‍ നേടിയുള്ള കളി പുറത്തെടുക്കാനാണ് ശ്രമിക്കുക. നന്നായി കളിക്കുക, ആദ്യ നാലില്‍ ഇടംനേടി സൂപ്പര്‍കപ്പിന് യോഗ്യതനേടുകയാണ് ഗോകുലം കേരളയുടെ ലക്ഷ്യമെന്ന് കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് ചെന്നൈ സിറ്റിക്കെതിരായ ഐലീഗ് മത്സരത്തിനു തയാറെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുശാന്തും ബിനോയും. മികച്ച പ്രകടനത്തോടെ ആദ്യ നാലില്‍ എത്തുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ഇരുവരും വെളിപ്പെടുത്തി.

ഐ ലീഗില്‍ മികച്ച കളി പുറത്തെടുത്ത് ആദ്യ നാലില്‍ ഇടംനേടി സൂപ്പര്‍കപ്പില്‍ പങ്കെടുക്കുകയാണ് ഗോകുലം കേരള എഫ്‌സിയുടെ ലക്ഷ്യമെന്ന് കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. ഇത്തവണ കളിക്കാരെ തെരഞ്ഞെടുക്കാന്‍ ആവശ്യമായ സമയം ലഭിച്ചിട്ടില്ല. വരും വര്‍ഷങ്ങളില്‍ കൂടുല്‍ മികച്ച താരങ്ങളെ കണ്ടെത്തി ടീമിനെ ശക്തമാക്കും. ടീമില്‍ മലയാളികളെയാണ് കൂടുതല്‍ ഉള്‍പ്പെടുത്താന്‍ താത്പര്യം. എന്നാല്‍ എസ്ബിടി, കേരള പോലീസ് തുടങ്ങിയവയില്‍ നിന്നും ലോണിന് കളിക്കാരെ ലഭിക്കാത്ത സാഹചര്യമുണ്ടായി.

ഗോള്‍ കീപ്പര്‍മാരെയും കിട്ടാനില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം ലോണില്‍ കളിക്കാരെ ലഭ്യമാക്കുമ്പോള്‍ കേരളത്തില്‍ അത്തരം സാഹചര്യമില്ല. ഇപ്പോള്‍ 10 മലയാളി താരങ്ങള്‍ ടീമിനൊപ്പമുണ്ട്. മികച്ച പ്രകടനത്തിന്റെയും പരിചയസമ്പന്നതയും നോക്കിയാണ് സുശാന്ത് മാത്യുവിനെ ക്യാപ്റ്റനാക്കിയത്. മികച്ച ഫോര്‍മേഷനില്‍ മികച്ച കളി പുറത്തെടുത്ത് പോയന്റ് നേടാനുള്ള പ്രവര്‍ത്തനമാണ് ടീം നടത്തുക. ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗോള്‍ വഴങ്ങാതിരിക്കുകയാണ് ലക്ഷ്യമെന്നും ബിനോ ജോര്‍ജ് പറഞ്ഞു.

ഗോളടിച്ച് മികച്ച കളി പുറത്തെടുത്താല്‍ കോഴിക്കോട്ടുകാര്‍ തങ്ങളുടെ കൂടെ നില്‍ക്കുന്നവരാണെന്ന് അറിയാം. അതിനാല്‍ അത്തരം മികച്ച കളി പുറത്തെടുക്കാനാണ് ശ്രമിക്കുക. കേരളത്തില്‍ നിന്നുള്ള ടീമിന്റെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ക്യാപ്റ്റന്‍ ആകുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. സഹകളിക്കാരെ കഴിയാവുന്നത്രെ മോട്ടിവേറ്റ് ചെയ്യാറുണ്ട്. അവസരങ്ങള്‍ കഠിനാധ്വാനത്തിലൂടെ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്നും പറയാറുണ്ട്.

കളിക്കാരെല്ലാം പ്രൊഫണലുകളായതിനാല്‍ അച്ചടക്കം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഐ ലീഗ് പോലത്തെ മത്സരങ്ങള്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളാണ് തുറന്നിടുന്നത്. കേരളത്തില്‍ നിന്നും പരിചയസമ്പന്നരായ താരങ്ങളെ ലഭിക്കാത്തതിനാലാണ് മിസോറാമില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നുമൊക്കെ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വന്നതെന്നും സുശാന്ത്മാത്യു പറഞ്ഞു.