SHARE

കേരള ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയില്‍ പരിശീലനം നടത്തുന്ന ഗ്രൗണ്ടിലേക്ക് ഗോകുലം കേരള എഫ് സി താരങ്ങളെത്തി. കൊല്‍ക്കത്തക്കെതിരെ അവരുടെ നാട്ടിൽ  നടന്ന മത്സരത്തിന് ശേഷം അവിടെ തന്നെ പരിശീലനം നടത്തുകയാണ്  ബ്ലാസ്റ്റേഴ്‌സ്. ഇതിനിടെ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന ഐ ലീഗ് മത്സരത്തിൽ  മോഹന്‍ ബഗാനെതിരെ 2-1ന് വിജയിച്ചതിന്റെ ആവേശത്തിലാണ് ലീഗിലെ കേരള സാന്നിധ്യമായ ഗോകുലം എഫ് സി.

കഴിഞ്ഞ ദിവസം നടന്ന ഗോകുലത്തിന്റെ മത്സരം കാണാന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് എത്തുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഗോകുലം താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലന ഗ്രൗണ്ട് സന്ദര്‍ശിച്ചത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന ലീഗുകളായ ഐ ലീഗിലെയും ഐ എസ് എല്ലിലെയും കേരള സാന്നിധ്യമായ ഇരു ടീമുകളും കൂടുതല്‍ അടുക്കുന്നത് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. നിലവില്‍ ഐ എസ് എല്ലില്‍ 15 കളികളില്‍ നിന്ന് 21 പോയന്റോടെ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഗോകുലമാകട്ടെ, 13 കളികളില്‍ നിന്ന് 13 പോയന്റ് മാത്രം നേടി ഐ ലീഗില്‍ 9ാം സ്ഥാനത്താണ്.